ഫൈനലിൽ വിരാട് കോലി ബെസ്റ്റ് ഫീൽഡർ; ഡ്രസ്സിങ് റൂമിൽനിന്നുള്ള വിഡിയോ പങ്കുവച്ച് ബിസിസിഐ
Mail This Article
അഹമ്മദാബാദ് ∙ ലോകകപ്പിലുടനീളം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ടീം ഇന്ത്യയുടെ ‘ബെസ്റ്റ് ഫീൽഡർ’ സെറിമണി. മത്സരശേഷം മികച്ച ഇന്ത്യന്‍ ഫീൽഡറെ, ഫീൽഡിങ് കോച്ച് തിരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതിലൂടെ താരങ്ങൾക്കിടയിൽ ഫീൽഡിൽ മത്സരബുദ്ധി കൂട്ടുക എന്നതായിരുന്നു ഫീൽഡിങ് കോച്ച് ടി.ദിലീപിന്റെ ലക്ഷ്യം. ഫൈനൽ മത്സരം കൈവിട്ടെങ്കിലും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ഫൈനലിനു ശേഷം ഡ്രസ്സിങ് റൂമിൽ നിന്നുള്ള വിഡിയോ ബിസിസിഐ പുറത്തുവിട്ടു. മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തെന്നും എന്നാൽ ഫലം നമുക്ക് അനുകൂലമായില്ലെന്നും കോച്ച് ദിലീപ് പറയുന്നു. അവസാന മത്സരത്തിൽ സൂപ്പർ താരം വിരാട് കോലിയേയാണ് ബെസ്റ്റ് ഫീൽഡറായി തിരഞ്ഞെടുത്തത്. ഫീൽഡിൽ കോലിയുടെ ചലനങ്ങൾ ഏവരേയും പ്രചോദിപ്പിക്കുന്നതാണെന്നും കോച്ച് പറഞ്ഞു.
ഫൈനലിൽ ഓസ്ട്രേലിയയോട് 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസീസിന്റെ ആറാം കിരീട നേട്ടമാണിത്. ട്രാവിസ് ഹെഡിന്റെ സെഞ്ചറി ഓസീസ് ജയത്തിൽ നിർണായകമായി. 765 റൺസ് അടിച്ചുകൂട്ടിയ വിരാട് കോലിയാണ് ടൂർണമെന്റിലെ താരം. മുഹമ്മദ് ഷമിയാണ് വിക്കറ്റു വേട്ടക്കാരിൽ ഒന്നാമൻ. 24 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.