ലോകകപ്പ് ജയിച്ച് നാട്ടിൽ തിരിച്ചെത്തി ഓസീസ് ക്യാപ്റ്റൻ, തിരിഞ്ഞുനോക്കാതെ ആരാധകർ- വിഡിയോ
Mail This Article
കാൻബറ∙ ഏകദിന ലോകകപ്പ് വിജയിച്ച ശേഷം ക്യാപ്റ്റൻ പാറ്റ് കമിൻസ് ഓസ്ട്രേലിയയിലേക്കു മടങ്ങിയെത്തി. ബുധനാഴ്ച രാവിലെയാണ് കമിൻസും താരങ്ങളും നാട്ടില്‍ തിരിച്ചെത്തിയത്. പക്ഷേ താരങ്ങളെ സ്വീകരിക്കാൻ ആരാധകർ ആരും എത്തിയിരുന്നില്ല. ലോകകപ്പ് ജയിച്ചിട്ടും ഓസ്ട്രേലിയൻ ടീമിനെ കാണാന്‍ ആരാധകർ ആരും വിമാനത്താവളത്തിൽ എത്താതിരുന്നത് എന്താണെന്ന സംശയത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ.
കമിൻസ് വിമാനത്താവളത്തിൽനിന്നു പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏതാനും മാധ്യമപ്രവർത്തകർ മാത്രമാണ് ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ അടുത്തെത്തിയത്. വിമാനത്താവളത്തിലെ യാത്രക്കാര്‍ കമിൻസിനെ ശ്രദ്ധിക്കാതെ നടന്നുപോകുന്നതും വിഡിയോയിലുണ്ട്. ലോകകപ്പ് വിജയത്തിനു ശേഷം ഓസീസ് താരങ്ങളെല്ലാം നാട്ടിലേക്കു മടങ്ങിപ്പോയിട്ടില്ല. അഞ്ച് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പര കളിക്കാനുള്ളതിനാൽ ചില താരങ്ങൾ ഇന്ത്യയിൽ തന്നെ തുടരുകയാണ്.
വ്യാഴാഴ്ചയാണ് ആദ്യ ട്വന്റി20 മത്സരം. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കിയാണ് ഓസ്ട്രേലിയ ഏകദിന ലോകകപ്പിലെ ആറാം കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 240 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ ഓസ്ട്രേലിയ വിജയലക്ഷ്യത്തിലെത്തി.