ഇന്ത്യൻ ടീം പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിയും, ബിസിസിഐയുമായി ചർച്ച; മുൻ താരം ഇനി കളി പഠിപ്പിക്കും
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ ഒരുങ്ങുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തന്നെ മടങ്ങിപ്പോകാനാണു ദ്രാവിഡിന്റെ ശ്രമം. ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്നാണു വിവരം. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. ബിസിസിഐ പ്രതിനിധികളുമായി ദ്രാവിഡ് ചർച്ച നടത്തി.
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീം ഇന്ത്യയുടെ പരിശീലകൻ ലക്ഷ്മണാണ്. യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിനു പിന്നാലെ 2021ലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. ദ്രാവിഡിന് കീഴിൽ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനൽ വരെയെത്തിയിരുന്നു. പക്ഷേ രണ്ടു തവണയും തോറ്റു.
കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. ഈ വർഷം ഏഷ്യാകപ്പ് കിരീടം നേടിയതാണു പ്രധാന നേട്ടം. പരിശീലക സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സമയമാകുമ്പോൾ തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ ആറു വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യയെ ഓസ്ട്രേലിയ തോൽപിച്ചത്.