സൂര്യയല്ല, ടീം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് സഞ്ജു സാംസണെന്ന് ശശി തരൂർ
Mail This Article
തിരുവനന്തപുരം∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കു സഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തത് വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ശശി തരൂർ എംപി. ടീമിൽ സീനിയർ താരങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സഞ്ജു സാംസൺ ഇന്ത്യയെ നയിക്കേണ്ടതായിരുന്നെന്നു ശശി തരൂർ സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയും ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിനെയും നയിച്ചിട്ടുള്ള സഞ്ജുവിന് സൂര്യയെക്കാൾ അനുഭവ സമ്പത്തുണ്ടെന്നും തരൂർ വാദിച്ചു.
സഞ്ജുവിനെ ടീമിലെടുക്കാത്തതിൽ സിലക്ടർമാർ വിശദീകരണം നൽകണമെന്നും സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ എങ്ങനെ ടീമിനു പുറത്തായെന്നും തരൂർ ചോദിച്ചു. സൂര്യകുമാര്‍ യാദവാണ് ട്വന്റി20 പരമ്പരയിൽ ടീം ഇന്ത്യയെ നയിക്കുന്നത്. ഏകദിന ലോകകപ്പ് കളിച്ച ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ബിസിസിഐ ക്യാപ്റ്റൻ സ്ഥാനം സൂര്യയ്ക്കു നൽകിയത്. ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സൂര്യകുമാർ യാദവിനു സാധിച്ചിരുന്നില്ല.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന ഒൻപതാമത്തെ താരമാണ് സൂര്യ. പരമ്പരയില്‍ ഇന്ത്യയ്ക്കു രണ്ടു വൈസ് ക്യാപ്റ്റൻമാരുണ്ട്. ആദ്യ മൂന്നു മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്‌വാദും പിന്നീടത്തെ രണ്ടു കളികളിൽ ശ്രേയസ് അയ്യരുമാണ് വൈസ് ക്യാപ്റ്റൻമാര്‍. സൂര്യയ്ക്കു പുറമേ ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രസിദ്ധ് കൃഷ്ണ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ മാത്രമാണു ട്വന്റി20 കളിക്കുന്നത്.
അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ തുടക്കമാണ് ഇന്ത്യയ്ക്കു പരമ്പര. ഇന്ത്യൻ പ്രീമിയർ ലീഗിനു മുൻപ് 11 ട്വന്റി20 രാജ്യാന്തര മത്സരങ്ങൾ ഇന്ത്യ കളിക്കും. അതേസമയം വിജയ് ഹസാരെ ടൂർണമെന്റിന്റെ തിരക്കിലാണ് സഞ്ജു. ഇന്നു നടക്കുന്ന മത്സരത്തിൽ സൗരാഷ്ട്ര ടീമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരള ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ.