എല്ലാവരും ഉയർത്താൻ ആഗ്രഹിക്കുന്ന ട്രോഫിയാണ്: കാൽ കയറ്റിവച്ച മാർഷിനെതിരെ ഷമി
Mail This Article
മുംബൈ∙ ഏകദിന ലോകകപ്പ് വിജയിച്ച ശേഷം ട്രോഫിക്കു മുകളിൽ കാൽകയറ്റിവച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോകകപ്പ് ട്രോഫി സ്വീകരിച്ചശേഷം ഡ്രസിങ് റൂമിൽവച്ചാണ് മാർഷ് ട്രോഫിക്കു മുകളിൽ കാൽ കയറ്റിവച്ച് ഇരുന്നത്. മിച്ചൽ മാർഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ആരാധകർ വൻ വിമർശനമാണ് മാര്‍ഷിനെതിരെ ഉയർത്തിയത്.
ലോകകപ്പ് ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താനുള്ളതാണെന്നാണ് ഷമിയുടെ നിലപാട്. മാർഷിന്റെ സമീപനം തന്നെ വേദനിപ്പിച്ചതായും ഷമി പറഞ്ഞു. ‘‘അത് എന്നെ വേദനിപ്പിച്ചു. ലോകത്തിലെ എല്ലാ ടീമുകളും ആ ട്രോഫിക്കു വേണ്ടി പോരാടുന്നു. ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. അങ്ങനെയൊരു ട്രോഫിയിൽ കാൽ കയറ്റിവയ്ക്കുന്നത് എനിക്ക് ഒരിക്കലും സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.’’– ഷമി മാധ്യമങ്ങളോടു പറഞ്ഞു.
‘‘ലോകകപ്പിൽ കളിക്കാനിറങ്ങുമ്പോൾ മാനസികമായി ശക്തരായിരിക്കണം. ചിലപ്പോഴൊക്കെ നിങ്ങൾ സമ്മർദത്തിന്റെ പിടിയിലായിരിക്കാം. പക്ഷേ ടീം നന്നായി കളിക്കുമ്പോൾ അതു നമുക്കു തൃപ്തി നൽകും. ലോകകപ്പ് ഫൈനലിനു മുൻപ് അഹമ്മദാബാദിലെ പിച്ച് ഞാൻ പരിശോധിച്ചിട്ടില്ല. കാരണം പിച്ചിന്റെ സ്വഭാവം പന്തെറിയുമ്പോൾ മാത്രമാണു പിടികിട്ടുക. പിന്നെന്തിനാണ് നേരത്തേ പിച്ച് നോക്കി സമ്മര്‍ദത്തിലാകുന്നത്.’’– മുഹമ്മദ് ഷമി പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ നാലു മത്സരങ്ങളിൽ മുഹമ്മദ് ഷമി കളിച്ചിരുന്നില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരുക്കേറ്റു ടീമിനു പുറത്തായപ്പോഴാണ് ഷമിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. 33 വയസ്സുകാരനായ താരം 24 വിക്കറ്റുകളാണ് ലോകകപ്പിൽ ടീം ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്.