ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ദീപ് സെയ്നി വിവാഹിതനായി, വധു സ്വാതി അസ്താന
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ദീപ് സെയ്നി വിവാഹിതനായി. സ്വാതി അസ്താനയാണു വധു. സെയ്നിയും സ്വാതിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹചിത്രങ്ങള്‍ ഇന്ത്യൻ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘‘നിന്നോടൊപ്പം എല്ലാം പ്രണയത്തിന്റെ ദിനങ്ങളായിരിക്കും’’ എന്നാണു സെയ്നി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. പുതിയ ജീവിതം തുടങ്ങുമ്പോൾ എല്ലാവരും അനുഗ്രഹിക്കണമെന്നും സെയ്നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സ്വാതി അസ്താന വ്ലോഗറാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ വിഡിയോകളാണ് സ്വാതിയുടെ വ്ലോഗുകളിലെ പ്രധാന വിഷയങ്ങൾ. ഹരിയാന സ്വദേശിയായ സെയ്നി 2019ലാണ് ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷേ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്താനാകാതെ പോയതോടെ ടീമിൽനിന്നു പുറത്തായി.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയുടെ താരമായിരുന്നു. ടൂർണമെന്റിന്റെ സെമി ഫൈനലിൽ പഞ്ചാബിനോടു തോറ്റ് ഡൽഹി പുറത്തായിരുന്നു. ഈ മത്സരത്തില്‍ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ താരത്തിനു വിക്കറ്റുകളൊന്നും കിട്ടിയിരുന്നില്ല. ടൂര്‍ണമെന്റില്‍ ഏഴു കളികളിൽനിന്ന് നാലു വിക്കറ്റുകൾ മാത്രമാണു സെയ്നിക്കു ലഭിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയല്‍സിന്റെ താരമായിരുന്ന സെയ്നിക്ക് അവസരം ലഭിച്ചത് രണ്ടു കളികളിൽ മാത്രമായിരുന്നു. മൂന്നു വിക്കറ്റുകൾ നേടിയിരുന്നെങ്കിലും പിന്നീടു താരത്തിന് അവസരം കിട്ടിയില്ല. ഇന്ത്യയ്ക്കായി 11 ട്വന്റി20, എട്ട് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സെയ്നി കളിച്ചിട്ടുണ്ട്.