ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ബോളറെന്ന നിലയിലാണു കേരളത്തിന്റെ അഭിമാനതാരം മിന്നു മണിക്കു സ്ഥാനം. എന്നാൽ, തികഞ്ഞ ഓൾ റൗണ്ടറാണു വയനാട്ടിലെ മാനന്തവാടി സ്വദേശിയായ ഈ ഇരുപത്തിനാലുകാരി. വാസ്തവത്തിൽ ബോളറെന്നതിനെക്കാൾ ഒരുപടി മുന്നിൽനിൽക്കുക ബാറ്ററെന്ന പദവിയാണ്. ഇടംകൈ ബാറ്റർ. മികച്ച ഫീൽഡറും ഓഫ് സ്പിന്നറും. കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ ടീമിലേക്കെത്തി ഏതാനും മാസങ്ങൾക്കകം ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ–എ ടീമിനെ നയിക്കാനുള്ള നിയോഗം കൈവന്നിരിക്കുന്നു മിന്നു മണിക്ക്.

അന്തിമ ഇലവനെ നിശ്ചയിക്കാനും ടീമിലെ ബാറ്റിങ് ഓർഡർ തീരുമാനിക്കാനുമെല്ലാം സ്വാതന്ത്ര്യമുള്ള പദവിയിലെത്തുമ്പോൾ മിന്നു മണി തന്റെ ബാറ്റിങ് മികവു പ്രകടിപ്പിക്കാൻ സ്വയം ബാറ്റിങ് ക്രമത്തിൽ ഉയർന്ന സ്ഥാനത്തേക്കു വരുമോ? പരിശീലകരെല്ലാം മികച്ച ബാറ്ററെന്നു പറയുന്ന മിന്നു അങ്ങനെയൊരു ‘അധികാര വിനിയോഗം’ നടത്തുമോ? മിന്നു മണി പറയുന്നതു കേൾക്കാം.

ഇല്ല ഒരിക്കലുമില്ല. എന്റെ വ്യക്തിപരമായ താൽപര്യമല്ല, ടീമിന്റെ വിജയമാണു പ്രധാനം. ബാറ്റിങ് ക്രമവും കളിക്കുന്ന 11 താരങ്ങളെയും നിശ്ചയിക്കുന്നതിൽ ക്യാപ്റ്റനു നല്ല പങ്കുണ്ടെന്നതു ശരിതന്നെ. പക്ഷേ, പ്ലെയിങ് ഇലവനിൽ എത്ര ബാറ്റർമാരുണ്ടാകണം, അവരെല്ലാം ഏതെല്ലാം ക്രമത്തിലാണ് ഇറങ്ങേണ്ടത്, ആര് ഏതു സ്ഥാനത്തിറങ്ങിയാലാണു ടീമിനു ഗുണകരമാകുക തുടങ്ങിയ കാര്യങ്ങൾ അന്നന്നത്തെ സാഹചര്യത്തിലാണു തീരുമാനിക്കുക. ടീമിന്റെ വിജയത്തിന് ഉതകുന്നത് എന്താണോ അതാണു ചെയ്യേണ്ടത്. അതാണു പ്രധാനവും. ക്യാപ്റ്റനെന്നതുകൊണ്ടു മാത്രം ബാറ്റിങ് ക്രമത്തിൽ ആദ്യമിറങ്ങാനുള്ള തീരുമാനം സ്വയം എടുക്കില്ല. ലഭിക്കുന്ന അവസരങ്ങളിലെല്ലാം നന്നായി ബാറ്റിങ് ആസ്വദിക്കാറുണ്ട്. അതു തുടരും. 

(കേരളം ചരിത്രത്തിലായി അണ്ടർ–23 വിഭാഗം ജേതാക്കളായപ്പോൾ ബാറ്റിങ് മികവു പുറത്തെടുത്ത മിന്നു മണി ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു.)

Minnu-Mani1248
മിന്നു മണി

മിന്നു ക്യാപ്റ്റനായ ഇന്ത്യ–എ ടീമിനെക്കുറിച്ച്?

മികച്ച ടീമാണിത്. ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം മികവു കാട്ടുന്ന താരങ്ങളുടെ മികച്ച കോംബിനേഷൻ. അതിനാൽ മൊത്തത്തിൽതന്നെ ബാറ്റിങ്ങിലും ബോളിങ്ങിലും മികവുണ്ട് ടീമിന്. എല്ലാവരും മികച്ച രീതിയിൽ കളിക്കുമെന്നാണു പ്രതീക്ഷ. അതു ടീമിനെ വിജയത്തിലെത്തിക്കുമെന്ന ആത്മവിശ്വാസമുണ്ട്. 

ക്യാപ്റ്റനായി നിയമിച്ച വാർത്തയറിഞ്ഞപ്പോൾ എന്തു തോന്നി?

ക്യാപ്റ്റൻസി അപ്രതീക്ഷിതമായി. വാസ്തവത്തിൽ ഞെട്ടിപ്പോയി. ആ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാൽ അമ്പരന്നു നിൽക്കാനാകില്ലല്ലോ. മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസമുണ്ട്. 

ക്യാപ്റ്റൻ പദവിയെ എങ്ങനെ കാണുന്നു?

തീർച്ചയായും സന്തോഷം തന്നെ. ഇതൊരു നല്ല അവസരവും തുടക്കവുമാകുമെന്നാണു കരുതുന്നത്. കേരള സീനിയർ ടീമിനെ നയിച്ചതിന്റെ അനുഭവസമ്പത്ത് മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ ഗുണം ചെയ്യും. രാജ്യാന്തരതലത്തിലെ മത്സരം അതിൽനിന്നു വ്യത്യസ്തമാകുമെന്നറിയാം. എങ്കിലും ഒരു ടീമിനെ എങ്ങനെ നയിക്കണമെന്നതിനെക്കുറിച്ചു നല്ല ധാരണയുണ്ട്. ആ ധാരണയും പരചയസമ്പത്തും ഉപകരിക്കുമെന്ന ഉത്തമവിശ്വാസമുണ്ട്.

minnu-smrithi
മിന്നു മണിയും സ്മൃതി മന്ഥനയും

സീനിയർ താരങ്ങളെല്ലാം എന്തു പറഞ്ഞു?

സീനിയർ താരങ്ങൾ എപ്പോഴും നല്ല തോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യ–എ ക്യാപ്റ്റനായപ്പോൾ എല്ലാവരും വിളി‍ച്ച് അഭിനന്ദിച്ചു, ആശംസകൾ അറിയിച്ചു. അവർ മാത്രമല്ല, പരിശീലകർ, സുഹൃത്തുക്കൾ, വീട്ടുകാർ, ബന്ധുക്കൾ, എല്ലാവരും വിളിച്ച് അഭിനന്ദിച്ചു. എല്ലാവരും നല്ല സന്തോഷത്തിലാണ്. അവരുടെ പ്രതീക്ഷകൾക്കനുസരിച്ചു കളിക്കാനാകുമെന്ന ഉറപ്പുണ്ട്. മത്സരങ്ങൾക്കായി കാത്തിരിക്കുന്നു. 

ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപിൽനിന്നു മനോരമ ഓൺലൈനിനോടു സംസാരിക്കുകയായിരുന്നു മിന്നു മണി. മിന്നു മണി മാത്രമല്ല, കേരളമൊട്ടാകെ കാത്തിരിക്കുകയാണു പ്രതിഭയുടെ മിന്നലാട്ടം കാണാൻ. മാനന്തവാടി ഒണ്ടയങ്ങാടിയിലെ മണിയുടെയും വസന്തയുടെയും മകൾ മികവിലേക്കുയരട്ടെ എന്നു പ്രാർഥിക്കുകയാണു വയനാട് ജില്ലക്കാർ മുഴുവൻ. കർഷകനായ ക്രിക്കറ്റ് പ്രേമി സ്വന്തം മകളെ ക്രിക്കറ്റ് താരമായി വളർത്തുന്ന തമിഴ് സിനിമയായ ‘കനാ’ മിന്നു മണിയുടെ ജീവിതവുമായി സാമ്യമേറെയുള്ളതാണ്. കർഷകനായ മണിയുടെ മകളിലെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് ഈ ക്യാപ്റ്റൻ പദവി. ഇന്ത്യ–എ ടീമിനുമപ്പുറം ഒരിക്കൽ ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെതന്നെ ക്യാപ്റ്റനാകും മിന്നു എന്ന ഉറച്ച വിശ്വാസം ആ താരത്തിന്റെ മികവും അർപ്പണബോധവും ആത്മവിശ്വാസവും അറിയുന്നവർക്കുണ്ട്.

English Summary:

Kerala Cricketer Minnu Mani Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com