ADVERTISEMENT

ഹൈദരാബാദ്∙ ഏകദിന ക്രിക്കറ്റിൽ നിരാശപ്പെടുത്തിയ സൂര്യകുമാർ യാദവ് ട്വന്റി20യിൽ തകർപ്പൻ ഫോമിലാണ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന സൂര്യ ആദ്യ മത്സരത്തിൽ 42 പന്തുകളിൽനിന്ന് 80 റൺസെടുത്തിരുന്നു. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ നാലു വീതം ഫോറുകളും സിക്സുകളും താരം പറത്തി. മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനോടൊപ്പം 10 ഓവറിൽ 112 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യ പടുത്തുയർത്തിയത്.

ഓസീസ് ബോളർമാരെ ഗ്രൗണ്ടിന്റെ ഓരോ ഭാഗത്തേക്കും ബൗണ്ടറി കടത്തിവിട്ട സൂര്യയുടെ ബാറ്റിങ് മികവിൽ, ട്വന്റി20യിലെ ഏറ്റവും മികച്ച സ്കോറിലേക്കാണ് ഇന്ത്യ പിന്തുടർന്നെത്തിയത്. മത്സരത്തിൽ സൂര്യകുമാറിന്റെ ബാറ്റിങ്ങിനിടെ കമന്ററി ബോക്സിലുണ്ടായിരുന്ന മാത്യു ഹെയ്‍ഡൻ താരത്തെ പരിഹസിച്ചിരുന്നു. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിക്കൊപ്പം കമന്ററി പറയുന്നതിനിടെയായിരുന്നു ഹെ‍യ്‍ഡന്റെ കമന്റ്. ബാറ്റിങ്ങിനിടെ ‘‘സൂര്യയെ ട്വന്റി20യിൽ നിങ്ങൾക്ക് എങ്ങനെ തടയാനാകുമെന്നായിരുന്നു’’ രവി ശാസ്ത്രിയുടെ ചോദ്യം. ഇത് ഏകദിന ലോകകപ്പ് ആണെന്ന് സൂര്യയോടു പറഞ്ഞാൽ മതിയെന്നാണ് ഹെയ്ഡൻ ഇതിനു നൽകിയ മറുപടി.

ലോകകപ്പിൽ സൂര്യയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു ഹെയ്ഡന്റെ കമന്റ്. ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ 28 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 18 റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഇന്ത്യൻ ടീം തോറ്റതിനു പിന്നാലെ സൂര്യകുമാർ യാദവിനെതിരെയും വിമർശനമുയർന്നു. ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതോടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ സൂര്യകുമാറിനെ ക്യാപ്റ്റനാക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരത്തു നടക്കും.

English Summary:

Matthew Hayden trolls Suryakumar Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com