ഹോം ഗ്രൗണ്ടിലെ ആദ്യ രാജ്യാന്തര മത്സരം അവിസ്മരണീയമാക്കി അനന്തപത്മനാഭൻ
Mail This Article
തിരുവനന്തപുരം ∙ നാട്ടിലെ താരമായ സഞ്ജു സാംസൺ ഹോം ഗ്രൗണ്ടിൽ രാജ്യാന്തര മത്സരം കളിക്കുന്നതു കാണാനുള്ള കാത്തിരിപ്പ് നീളുമ്പോഴും മറ്റൊരു ‘താരം’ സ്വന്തം മണ്ണിൽ നാട്ടുകാർക്കു മുന്നിൽ ഇന്നലെ തിളങ്ങി; തിരുവനന്തപുരം സ്വദേശിയായ അംപയർ കെ.എൻ.അനന്തപത്മനാഭൻ. പിഴവുകളില്ലാത്ത തീരുമാനങ്ങളുമായി ഹോം ഗ്രൗണ്ടിലെ ആദ്യ രാജ്യാന്തര മത്സരം അനന്തപുരിയുടെ അനന്തൻ അവിസ്മരണീയമാക്കുകയും ചെയ്തു.
2020 ഓഗസ്റ്റിൽ ഐസിസിയുടെ രാജ്യാന്തര അംപയർ പാനലിൽ ഇടം നേടിയ അനന്തൻ ഇതുവരെ 6 രാജ്യാന്തര ഏകദിനങ്ങളിലും 16 ട്വന്റി20 മത്സരങ്ങളിലുമാണ് അംപയറായത്. കഴിഞ്ഞ വർഷം ഇവിടെ തന്നെ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിലും ഫീൽഡ് അംപയയർമാരിൽ ഒരാളായി അനന്തപത്മനാഭനെ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് പിടിപെട്ടതോടെ അന്ന് ആ അവസരം നഷ്ടമാവുകയായിരുന്നു. പിന്നീട് കഴിഞ്ഞ ജനുവരിയിൽ ഇവിടെ നടന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന മത്സരത്തിൽ റിസർവ് അംപയറുമായിരുന്നു. ഫസ്റ്റ് ക്ലാസ് അംപയറായിരിക്കെ കേരളത്തിൽ പല മത്സരങ്ങളിലും ഫീൽഡ് അംപയറായിരുന്നെങ്കിലും കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരു മത്സരം നിയന്ത്രിക്കുന്നത് ഇതാദ്യം.