ചിലപ്പോൾ നിശബ്ദതയാണ് ഏറ്റവും മികച്ച ഉത്തരം: ജസ്പ്രീത് ബുമ്രയുടെ ‘കുത്ത്’ ആരെ ലക്ഷ്യമിട്ട്?
Mail This Article
മുംബൈ∙ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘‘്ചിലപ്പോഴൊക്കെ നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടിയെന്നാണ്’’ ബുമ്രയുടെ ഇൻസ്റ്റഗ്രാമിലെ പ്രതികരണം. പരുക്കുമാറി, ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനം നടത്തി തകർപ്പൻ ഫോമിലാണു ബുമ്ര. ഈ സാഹചര്യത്തിൽ വിമർശനാത്മകമായ പ്രതികരണത്തിലൂടെ താരം എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകർക്കു വ്യക്തമായിട്ടില്ല.
ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലേക്കുള്ള മടങ്ങിവരവാണു പോസ്റ്റിനു കാരണമെന്ന് ചില ആരാധകർ സമൂഹമാധ്യമങ്ങളിൽ വാദിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിശദീകരണങ്ങൾക്ക് ഇന്ത്യൻ പേസർ തയാറായിട്ടില്ല. ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി 11 മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകളാണ് ജസ്പ്രീത് ബുമ്ര വീഴ്ത്തിയത്.
പരുക്കിനു ശേഷം ഓഗസ്റ്റിൽ അയർലൻഡിനെതിരായ പരമ്പരയിലാണു ജസ്പ്രീത് ബുമ്ര തിരിച്ചുവന്നത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ബുമ്ര, വിമർശന സ്വഭാവമുള്ള പ്രതികരണം ഇൻസ്റ്റഗ്രാമിൽ നടത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പിനു ശേഷം ജസ്പ്രീത് ബുമ്ര ഇപ്പോൾ വിശ്രമത്തിലാണ്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയിൽ താരം കളിക്കുന്നില്ല.