അനാവശ്യ അപ്പീലിൽ നോ ബോൾ ‘ചോദിച്ചുവാങ്ങി’ ഇഷാൻ, ഫ്രീ ഹിറ്റിൽ സിക്സും കിട്ടി– വിഡിയോ
Mail This Article
ഗുവാഹത്തി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനു വൻ വിമർശനം. ഓസീസ് ബാറ്റിങ്ങിനിടെ അനാവശ്യ അപ്പീലിനു പോയി നോ ബോളും ഫ്രീഹിറ്റും ഇഷാന്‍ സ്വയം ‘വാങ്ങിച്ചെടുത്തതാണ്’ ആരാധകരുടെ വിമർശനത്തിനു കാരണം. ഓസ്ട്രേലിയൻ ഇന്നിങ്സിലെ 19–ാം ഓവറിലായിരുന്നു സംഭവം. അക്ഷർ പട്ടേൽ പന്തെറിയാനെത്തുമ്പോള്‍ ഓസീസിനു ജയിക്കാൻ വേണ്ടിയിരുന്നത് 12 പന്തിൽ 43 റണ്‍സ്.
അക്ഷറിന്റെ ഓവറിലെ നാലാം പന്ത് ഓഫ് സൈഡിലൂടെ വൈഡ് പോയപ്പോൾ,ഇഷാൻ കിഷൻ സ്റ്റംപിങ്ങിനായി അപ്പീൽ ചെയ്യുകയായിരുന്നു. ബാറ്റിൽ ഉരസാതെ മാത്യൂ വെയ്ഡിനെ കടന്നുപോയ പന്തിൽ അംപയർ വൈഡ് സിഗ്നൽ കാണിച്ചിരുന്നതാണ്. എന്നാൽ സ്റ്റംപ് ചെയ്ത ശേഷം ഇഷാൻ അപ്പീൽ ചെയ്യുകയായിരുന്നു.
തുടർന്ന് മൂന്നാം അംപയർ റീപ്ലേകൾ പരിശോധിച്ചപ്പോൾ സംഭവം ഇഷാൻ കിഷനു തന്നെ തിരിച്ചടിയായി. സ്റ്റംപിനു മുന്നിലോട്ടു കയറിയാണ് ഇഷാൻ പന്തു പിടിച്ചതെന്ന് റീപ്ലേകളിൽനിന്നു വ്യക്തമായി. തുടർന്ന് ഫീൽഡ് അംപയർ ഇഷാനെതിരെ നോ ബോൾ വിളിക്കുകയായിരുന്നു. അടുത്ത ഫ്രീഹിറ്റ് പന്തിൽ മാത്യു വെയ്ഡ് സിക്സർ പറത്തുകയും ചെയ്തു. 19–ാം ഓവറിൽ 22 റൺസാണ് അക്ഷര്‍ വഴങ്ങിയത്. നോ ബോളിലെ സിക്സ് ഇല്ലായിരുന്നെങ്കിൽ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാകുമായിരുന്നു എന്നും ആരാധകർ വാദിക്കുന്നു.
മത്സരത്തില്‍ ഇന്ത്യ ഉയർത്തിയ 223 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അവസാന പന്തിലാണ് ഓസീസ് എത്തിയത്. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ വിജയ റൺസിലെത്തി. 48 പന്തിൽ 104 റൺസെടുത്തു പുറത്താകാതെ നിന്ന് ഗ്ലെൻ മാക്സ്‍വെല്ലാണു കളിയിലെ താരം.