രണ്ട് സെഞ്ചറി, മൂന്ന് അർധ സെഞ്ചറി, എതിരാളികളെ വിറപ്പിച്ച് ദേവ്ദത്ത് പടിക്കൽ; ലക്നൗവിന് ‘ലോട്ടറി’
Mail This Article
അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ചണ്ഡീഗഡിനെതിരായ മത്സരത്തിലും താരം സെഞ്ചറി നേടി. 103 പന്തുകൾ നേരിട്ട പടിക്കൽ 114 റൺസെടുത്താണു പുറത്തായത്. ആറു സിക്സുകളും ഒൻപതു ഫോറുകളും താരം ബൗണ്ടറി കടത്തി.
വിജയ് ഹസാരെ ട്രോഫിയിൽ താരത്തിന്റെ രണ്ടാം സെഞ്ചറിയാണിത്. ഉത്തരാഖണ്ഡിനെതിരെ 122 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കൽ 117 റൺസെടുത്തു പുറത്തായിരുന്നു. കർണാടകയ്ക്കായി മറ്റു മൂന്നു മത്സരങ്ങളിൽ അർധ സെഞ്ചറിയും പടിക്കൽ സ്വന്തമാക്കി. ബിഹാറിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം 93 റൺസുമായി പുറത്താകാതെ നിന്നിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ പടിക്കലിന് ഇടം ലഭിച്ചിരുന്നു.
ഐപിഎല്ലിൽ ലക്നൗ ആരാധകർക്കും പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ദേവ്ദത്തിന്റേത്. 2024ലെ ലേലത്തിനു മുന്നോടിയായി ലക്നൗ സൂപ്പർ ജയന്റ്സ് ദേവ്ദത്തിനെ സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ റോയൽസിൽനിന്നു ദേവ്ദത്ത് പടിക്കലിനെ ലക്നൗ വാങ്ങുകയായിരുന്നു. ഐപിഎല്ലിൽ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ ദേവ്ദത്ത് പടിക്കലിനു സാധിച്ചിരുന്നില്ല. തുടർന്നാണ് മലയാളി താരത്തെ രാജസ്ഥാൻ വിറ്റത്. പകരം പേസർ ആവേശ് ഖാനെ രാജസ്ഥാൻ റോയൽസിനു വാങ്ങുകയും ചെയ്തിരുന്നു.