സഞ്ജു സാംസൺ മാത്രമല്ല ദേവ്ദത്ത് പടിക്കലും ടീം ഇന്ത്യയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക്, എ ടീമിൽ കളിക്കും
Mail This Article
ന്യൂഡൽഹി ∙ സഞ്ജു സാംസണിനൊപ്പം മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലും ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലാണ് ദേവ്ദത്ത് ഇടം പിടിച്ചത്. ഇന്ത്യ എ ടീം രണ്ട് ചതുർദിന മത്സരങ്ങളാണ് കളിക്കുന്നത്. രണ്ടു മത്സരങ്ങൾക്കും വ്യത്യസ്ത ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
ക്യാപ്റ്റൻ ശ്രീകർ ഭരത്, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറെൽ, മാനവ് സുതർ, വിദ്വത് കെവരപ്പ എന്നിവരാണ് 2 ടീമിലും ഉൾപ്പെട്ട താരങ്ങൾ. ഡിസംബർ 11നു തുടങ്ങുന്ന ആദ്യ മത്സരത്തിനുള്ള ടീമിലാണ് ദേവ്ദത്ത് ഇടം പിടിച്ചത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ആഭ്യന്തര ഏകദിന ടൂർണമെന്റിൽ നിലവിലെ ടോപ് സ്കോററാണ് ഇരുപത്തിമൂന്നുകാരൻ ദേവ്ദത്ത്. മലയാളി ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ദേവ്ദത്ത് കർണാടകയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.
സഞ്ജു സാംസൺ അംഗമായ ഇന്ത്യൻ സീനിയർ ടീമിന്റെ മത്സരങ്ങളും ഇതേ സമയത്തു തന്നെയാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുക. പ്രസിദ്ധ് കൃഷ്ണ, തിലക് വർമ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ തുടങ്ങി സീനിയർ ടീമിലുള്ള പലരും എ ടീമിലുമുണ്ട്. എ ടീമിലെയും സീനിയർ ടീമിലെയും താരങ്ങളെ ഉൾപ്പെടുത്തി ഒരു ഇന്റർ സ്ക്വാഡ് ത്രിദിന മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ തുടങ്ങിയവർ ആ ടീമിലുണ്ട്.