ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കി; നിരാശ മൂലം 10 ദിവസം ഒന്നും ചെയ്യാതിരുന്നെന്ന് അക്ഷർ പട്ടേല്‍
Mail This Article
റായ്പുർ ∙ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് അവസാന നിമിഷം പരുക്കു മൂലം പുറത്തായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. ആ സമയത്ത് വലിയ നിരാശയുണ്ടായിരുന്നെന്നും 10 ദിവസത്തോളം ഒന്നും ചെയ്യാതെ നിന്നെന്നും അക്ഷർ പറഞ്ഞു. 15 അംഗ ടീമിൽ ഉൾപ്പെട്ടിരുന്ന അക്ഷറിനെ പൂർണമായും ഫിറ്റ് അല്ലാത്തതിനാൽ അവസാന നിമിഷമാണ് ഒഴിവാക്കിയത്.
പകരം രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തി. ‘‘ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ്. ആദ്യം ടീമിൽ ഉൾപ്പെട്ടതിന്റെ സന്തോഷം. പിന്നീട് പെട്ടെന്നുള്ള പുറത്താകൽ. നിരാശ തോന്നാതിരിക്കില്ലല്ലോ. 10 ദിവസത്തോളം കടുത്ത നിരാശയിലായിരുന്നു ഞാൻ. പിന്നീട് അതിൽ നിന്നു മുക്തനായി..’’– അക്ഷർ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരെ 4–ാം ട്വന്റി20യിലെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അക്ഷർ. 3 വിക്കറ്റ് വീഴ്ത്തിയ അക്ഷറായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ ആകെ 5 വിക്കറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ട്വന്റി20 ടീമിലും അക്ഷർ ഉൾപ്പെട്ടിട്ടില്ല.