കളിക്കിടെ ശതാബ് ഖാനു പരുക്ക്; സ്ട്രച്ചറില്ലാത്തതിനാൽ തോളത്തു ചുമന്നുകൊണ്ടുപോയി- വിഡിയോ
Mail This Article
ലഹോർ∙ പാക്കിസ്ഥാനിലെ ട്വന്റി20 ലീഗ് മത്സരത്തിനിടെ പരുക്കേറ്റ സീനിയര്‍ ടീം താരം ശതാബ് ഖാനെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത് സഹതാരത്തിന്റെ ചുമലിൽ കയറ്റി. കഴിഞ്ഞ ദിവസം റാവൽപിണ്ടിയും സിയാൽകോട്ടും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് 25 വയസ്സുകാരനായ താരത്തിനു പരുക്കേറ്റത്. ഗ്രൗണ്ടിൽ നടക്കാൻ സാധിക്കാതെ വന്നതോടെ സഹതാരങ്ങളിലൊരാൾ തോളത്ത് ചുമന്നാണ് ശതാബ് ഖാനെ ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.
മത്സരം നടക്കുന്ന ഗ്രൗണ്ടിൽ പരുക്കു പറ്റിയാൽ ഉപയോഗിക്കാൻ ആവശ്യത്തിന് സ്ട്രച്ചർ പോലും ഇല്ലായിരുന്നു. തുടർന്നാണ് സഹതാരം ശതാബ് ഖാന്റെ സഹായത്തിന് എത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഘാടകർ വൻ വിമർശനമാണു നേരിടേണ്ടിവന്നത്. ശതാബ് ഖാനെ ചുമന്നുകൊണ്ടുപോകുന്നതിന്റെ വിഡിയോ വൈറലാണ്.
താരത്തിന്റെ പരുക്കു ഗുരുതരമല്ലെന്നാണു വിവരം. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ശതാബ് ഖാൻ കളിക്കുന്ന ഇസ്‍ലാമബാദ് യുണൈറ്റഡ് താരത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഓവറുകൾ പന്തെറിഞ്ഞ താരം ഏഴു റൺസ് മാത്രമാണു വഴങ്ങിയത്. തൊട്ടുപിന്നാലെ ഫീൽഡിങ്ങിനിടെ പരുക്കേൽക്കുകയായിരുന്നു.