പന്ത് കൈകൊണ്ട് തടയാൻ ശ്രമം, അവസരം മുതലെടുത്ത് കിവീസ്; നാണംകെട്ട് പുറത്തായി മുഷ്ഫിഖർ
Mail This Article
ധാക്ക∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ വിചിത്രമായ രീതിയിൽ പുറത്തായി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. ബാറ്റിങ്ങിനിടെ പന്തു കൈ കൊണ്ടു തട്ടിയതിനാണ് മുഷ്ഫിഖർ റഹീം പുറത്തായത്. ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള ഒബ്സ്ട്രക്ടിങ് ദ് ഫീൽഡ് ഔട്ടായാണ് മുഷ്ഫിഖറിന്റെ മടക്കം. ആദ്യമായാണ് ഒരു ബംഗ്ലദേശ് താരം ഇങ്ങനെ പുറത്താകുന്നത്.
കൈൽ ജാമീസൺ എറിഞ്ഞ 41–ാം ഓവറിലായിരുന്നു സംഭവം. നാലാം പന്തു ബാറ്റു കൊണ്ടു നേരിട്ട മുഷ്ഫിഖര്‍, പിന്നീടു കൈകൊണ്ട് ഇതു തട്ടിയകറ്റുകയായിരുന്നു. കിവീസ് താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തതോടെ, റീപ്ലേകൾ പരിശോധിച്ച ശേഷം അംപയർ ഔട്ട് വിളിക്കുകയായിരുന്നു. 83 പന്തുകൾ നേരിട്ട ബംഗ്ലദേശ് താരം 35 റൺസെടുത്ത ശേഷമാണു പുറത്തായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനിലും പന്ത് കൈകൊണ്ടു തട്ടിമാറ്റാൻ മുഷ്ഫിഖുർ റഹീം ശ്രമിച്ചിരുന്നു. എന്നാൽ പന്ത് താരത്തിന്റെ കൈകളിൽ തട്ടാതെ വിക്കറ്റിനു മുകളിലൂടെ പിറകിലേക്കുപോകുകയായിരുന്നു.
മുഷ്ഫിഖർ റഹീമാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന്റെ ടോപ് സ്കോറർ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 172 റൺസിനു പുറത്തായിരുന്നു. ബംഗ്ലദേശിന്റെ അഞ്ച് താരങ്ങൾ ആദ്യ ഇന്നിങ്സിൽ രണ്ടക്കം കടക്കാതെ മടങ്ങി. കിവീസിനായി ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലദേശ് ചരിത്ര വിജയം നേടിയിരുന്നു. ആദ്യമായാണ് ബംഗ്ലദേശ് ന്യൂസീലൻഡിനെ സ്വന്തം നാട്ടിൽ ടെസ്റ്റിൽ തോൽപിക്കുന്നത്.
ടെസ്റ്റില്‍ ഒബ്സ്ട്രക്ടിങ് ദ് ഫീൽഡായി ഗ്രൗണ്ട് വിടുന്ന 11–ാമത്തെ പുരുഷ താരമാണ് മുഷ്ഫിഖർ റഹീം. 2015ൽ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വെയുടെ ചാമു ചിബബയായിരുന്നു ഇങ്ങനെ അവസാനമായി പുറത്തായത്. ഇന്ത്യൻ താരമായിരുന്ന മൊഹീന്ദർ അമര്‍നാഥും ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റന്‍ സ്റ്റീവ് വോയും മുൻപ് സമാന രീതിയിൽ പുറത്തായിരുന്നു.