വനിതാ പ്രിമിയർ ലീഗ് ട്വന്റി20 താരലേലം 9ന്
Mail This Article
മുംബൈ ∙ വനിതകളുടെ ഐപിഎൽ എന്നറിയപ്പെടുന്ന വനിതാ പ്രിമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) താരലേലം 9ന് മുംബൈയിൽ നടക്കും. 104 ഇന്ത്യൻ താരങ്ങളും 61 വിദേശതാരങ്ങളുമടക്കം 165 പേരാണ് ഡബ്ല്യുപിഎൽ രണ്ടാം സീസണിലെ താരലേലത്തിനു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 5 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. 5 ടീമുകൾക്കുമായി 9 വിദേശ താരങ്ങൾ അടക്കം 30 പേരെ ലേലത്തിൽ വിളിച്ചെടുക്കാം. അസോഷ്യേറ്റ് രാജ്യങ്ങളിൽ നിന്ന് 15 താരങ്ങളും ഇത്തവണ ലേലത്തിനുണ്ട്.
ആകെ 13 കോടി
13 കോടി രൂപയാണ് താരങ്ങൾക്കായി ഒരു ടീമിനു ചെലവാക്കാവുന്ന പരമാവധി തുക. കഴിഞ്ഞ സീസണിലെ പല താരങ്ങളെയും നിലനിർത്തിയതിനാൽ ഇതിനോടകം എല്ലാ ടീമുകളും ഇതിന്റെ പകുതിയിൽ അധികം തുക ചെലവാക്കിക്കഴിഞ്ഞു. ബാക്കി തുക ഉപയോഗിച്ച് ലേലത്തിൽ പങ്കെടുക്കാം.
മുന്നിൽ ഗുജറാത്ത്,പിന്നിൽ മുംബൈ
5.95 കോടി രൂപ കയ്യിലുള്ള ഗുജറാത്ത് ജയ്ന്റ്സാണ് ഏറ്റവുമധികം തുകയുമായി ലേലത്തിൽ പങ്കെടുക്കാനെത്തുന്നത്. 4 കോടി രൂപയുമായി എത്തുന്ന യുപി വാരിയേഴ്സാണ് രണ്ടാമത്. 2.1 കോടി രൂപയുള്ള മുംബൈ ഇന്ത്യൻസാണ് ഏറ്റവും പിന്നിൽ.
50 ലക്ഷം
വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനും ഓസ്ട്രേലിയൻ ഓൾറൗണ്ടർ കിം ഗാർത്തുമാണ് അടിസ്ഥാന വിലയിൽ മുന്നിലുള്ള താരങ്ങൾ. ഇരുവരും 50 ലക്ഷം രൂപയാണ് തങ്ങളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചത്.
പ്രതീക്ഷയോടെ മലയാളി താരങ്ങളും
ആഭ്യന്തര ക്രിക്കറ്റിൽ മികവുതെളിയിച്ച 4 മലയാളി താരങ്ങളും ഇത്തവണ താരലേലത്തിനുണ്ട്. സി.എം.സി.നജില (മലപ്പുറം), കീർത്തി കെ.ജയിംസ് (തിരുവനന്തപുരം), സജ്ന സജീവ് (വയനാട്), ഐ.വി.ദൃശ്യ (വയനാട്) എന്നിവരാണ് കേരള താരങ്ങൾ.
ഇവർ പ്രധാനികൾ
ഇന്ത്യൻ താരങ്ങളായ വേദ കൃഷ്ണമൂർത്തി, പൂനം റാവത്ത്, പ്രിയ പൂനിയ, ദേവിക വൈദ്യ, എക്ത ബിഷ്ട്, ഇംഗ്ലണ്ട് താരങ്ങളായ ഡാനിയേൽ വ്യാട്ട്, ടാമി ബൗമണ്ട്, ശ്രീലങ്കയുടെ ചമിരി അത്തപ്പത്തു എന്നിവരാണ് ലേലത്തിൽ പങ്കെടുക്കുന്ന പ്രമുഖ താരങ്ങൾ. 30 ലക്ഷം രൂപയാണ് ഇവരിൽ ഭൂരിഭാഗം പേരുടെയും അടിസ്ഥാന വില
ചാംപ്യൻ മുംബൈ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസാണ് ഡബ്ല്യുപിഎലിലെ നിലവിലെ ചാംപ്യൻമാർ. ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങിന്റെ നേതൃത്വത്തിലിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചായിരുന്നു മുംബൈ കിരീടം ചൂടിയത്. മലയാളി മിന്നു മണി ഡൽഹിയുടെ താരമാണ്. മിന്നുവിനെ ടീമിൽ നിലനിർത്തിയതിനാൽ ഈ വർഷത്തെ ലേലത്തിനില്ല.