ഒരു കയ്യബദ്ധം, നാടകീയ സംഭവങ്ങൾക്കൊടുവിൽ പുറത്ത്; എന്തുകൊണ്ട് ഒബ്സ്ട്രക്ടിങ് ദ് ഫീൽഡ്?
Mail This Article
മിർപുർ ∙ രാജ്യാന്തര ക്രിക്കറ്റിൽ ഔട്ടാകാൻ ‘ഔട്ട് ഓഫ് ദ് ബോക്സ്’ വഴികൾ കണ്ടെത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് താരങ്ങൾ. ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ താരം ആൻജലോ മാത്യൂസ് ടൈംഡ് ഔട്ട് ആയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുൻപേ ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് നിയമപ്രകാരം പുറത്തായിരിക്കുകയാണ് ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖുർ റഹിം. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് ‘കയ്യബദ്ധത്തിന്റെ’ പേരിൽ മുഷ്ഫിഖുർ പുറത്തായത്.
ന്യൂസീലൻഡ് ബോളർ കൈൽ ജയ്മിസൻ എറിഞ്ഞ 41–ാം ഓവറിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജയ്മിസന്റെ പന്ത് മുഷ്ഫിഖുർ പ്രതിരോധിക്കാൻ ശ്രമിക്കുകയും ബാറ്റിൽ തട്ടിയ പന്ത് സ്റ്റംപിന്റെ പിന്നിലേക്കു പോകുകയും ചെയ്തു. പന്ത് വിക്കറ്റിനു പുറത്തേക്കു പോയെങ്കിലും പെട്ടെന്നുള്ള വെപ്രാളത്തിൽ മുഷ്ഫിഖുർ പന്ത് വലതു കൈകൊണ്ടു തട്ടിയകറ്റി.
ഇതോടെയാണ് കിവീസ് താരങ്ങൾ ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് നിയമപ്രകാരം ഔട്ടിന് അപ്പീൽ ചെയ്തത്. വിഡിയോ ദൃശ്യങ്ങളിൽ മുഷ്ഫിഖുർ മനഃപൂർവം പന്ത് കൈകൊണ്ടു തട്ടുന്നത് വ്യക്തമായിരുന്നു. ഇതോടെ അംപയർമാർ ഔട്ട് വിധിച്ചു. ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് നിമയപ്രകാരം ഔട്ടാകുന്ന ആദ്യ ബംഗ്ലദേശ് ക്രിക്കറ്ററാണ് മുഷ്ഫിഖുർ.
ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശ് 172 റൺസിന് പുറത്തായി. 35 റൺസ് നേടിയ മുഷ്ഫിഖുറാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 5ന് 55 എന്ന നിലയിലാണ് ന്യൂസീലൻഡ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ബംഗ്ലദേശ് 150 റൺസിന് ജയിച്ചിരുന്നു.
ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ്
തന്റെ ബാറ്റിൽ തട്ടിയ പന്ത്, ബോളറോ ഫീൽഡർമാരോ പിടിക്കുന്നത് ബാറ്റർ മനഃപൂർവം തടസ്സപ്പെടുത്തിയാലാണ് സാധാരണ ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് നിയമപ്രകാരം ഔട്ട് വിധിക്കുക. ഇവിടെ മുഷ്ഫിഖുർ ഫീൽഡർമാരെയോ ബോളറെയോ തടസ്സപ്പെടുത്തിയിട്ടില്ല. പന്ത് കൈകൊണ്ടു തട്ടിയകറ്റുകയാണ് ചെയ്തത്. ഇത് ഹാൻഡ്‌ലിങ് ദ് ബോൾ നിയമത്തിന്റെ പരിധിയിലാണ് വരിക. എന്നാൽ 2017ലെ ഐസിസിയുടെ പുതുക്കിയ നിയമാവലി പ്രകാരം ഹാൻഡ്‌ലിങ് ദ് ബോൾ നിയമം ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡിനൊപ്പം ചേർത്തിരുന്നു. ഇതോടെയാണ് പന്ത് കൈകൊണ്ടു പിടിച്ചാലും ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് പ്രകാരം ബാറ്റർ പുറത്താകുന്നത്.