ബാറ്റിങ് മറന്ന് ഇന്ത്യൻ വനിതകൾ; രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ട് വനിതകൾക്ക് 4 വിക്കറ്റ് ജയം, പരമ്പര
Mail This Article
മുംബൈ ∙ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ വനിതകളെ വീഴ്ത്തി ഇംഗ്ലണ്ടിന് ട്വന്റി20 പരമ്പര. ബാറ്റിങ്ങിൽ തകർന്നടിഞ്ഞുപോയ ഇന്ത്യയെ, നാലു വിക്കറ്റിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 16.2 ഓവറിൽ വെറും 80 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 52 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. 21 പന്തിൽ നാലു ഫോറുകൾ സഹിതം 25 റൺസെടുത്ത അലിസ് കാപ്സിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച രാത്രി നടക്കും.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 33 പന്തിൽ രണ്ടു ഫോറുകൾ സഹിതം 30 റൺസെടുത്ത ജമീമ റോഡ്രിഗസ് ടോപ് സ്കോററായി. ഓപ്പണർ സ്മൃതി മന്ഥന ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസുമെടുത്തു. ഷഫാലി വർമ (0), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (9), ദീപ്തി ശ്രമ (0), റിച്ച ഘോഷ് (4), പൂജ വസ്ത്രകാർ (6), ശ്രേയങ്ക പാട്ടീൽ (4), ടൈറ്റസ് സന്ധു (2), സൈക ഇസഹാഖ് (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. രേണുക സിങ് 2 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഷാർലറ്റ് ഡീൻ, ലൗറൻ ബെൽ, സോഫി എക്ലസ്റ്റോൺ, സാറാ ഗ്ലെൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
81 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 2ന് 19 എന്ന നിലയിലായിരുന്നു. എന്നാൽ 3–ാം വിക്കറ്റിൽ 29 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്ത അലിസ് കാപ്സി (25)– നാറ്റ് സിവർ ബ്രെന്റ് (16) സഖ്യം അവരെ വിജയത്തിലേക്കു നയിച്ചു. മധ്യ ഓവറുകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം ചെലുത്തിയെങ്കിലും, സ്കോർ ബോർഡിൽ റൺസ് തീരെ കുറവായത് തിരിച്ചടിയായി. ഇന്ത്യയ്ക്കായി രേണുക സിങ്, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സൈക ഇസഹാഖ്, പൂജ വസ്ത്രകാർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.