പരമ്പര കൈവിട്ടെങ്കിലും ഇന്ത്യൻ വനിതകൾക്ക് ആശ്വാസ ജയം; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 5 വിക്കറ്റിന്
Mail This Article
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര കൈവിട്ടെങ്കിലും, അവസാന മത്സരത്തിൽ ആശ്വാസജയം നേടി ഇന്ത്യൻ വനിതകൾ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നേടിയത് 126 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് വനിതകൾ പരമ്പര സ്വന്തമാക്കിയിരുന്നു.
അർധസെഞ്ചറിക്ക് രണ്ടു റൺസ് അകലെ വീണുപോയ ഓപ്പണർ സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 48 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്ത സ്മൃതി, 17–ാം ഓവറിലാണ് പുറത്തായത്. ജമീമ റോഡ്രിഗസ് (33 പന്തിൽ 29), ദീപ്തി ശർമ (11 പന്തിൽ 12), അമൻജോത് കൗർ (നാലു പന്തിൽ പുറത്താകാതെ 10) എന്നിവരും തിളങ്ങി.
നേരത്തെ, ക്യാപ്റ്റൻ ഹീതർ നൈറ്റിന്റെ തകർപ്പൻ അർധസെഞ്ചറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം നൈറ്റ് 52 റൺസെടുത്തു. ആമി ജോൺസ് 21 പന്തിൽ 25 റൺസെടുത്ത് പുറത്തായി. ഷാർലി ഡീൻ 15 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി സൈക ഇസഹാഖ്, ശ്രേയങ്ക പാട്ടീൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.