ട്വന്റി20 ലോകകപ്പിന് രോഹിത്തും കോലിയും ഉണ്ടാകുമോ? പ്രായമല്ല, ഫോമാണ് പ്രധാനമെന്ന് ഗംഭീർ
Mail This Article
ന്യൂഡൽഹി ∙ ഏകദിന ലോകകപ്പ് കൈവിട്ട ടീം ഇന്ത്യയ്ക്ക് ഐസിസി കിരീടമുയർത്താനുള്ള അടുത്ത അവസരമായാണ് 2024ലെ ട്വന്റി20 ലോകകപ്പിനെ ക്രിക്കറ്റ് ആരാധകർ കാണുന്നത്. ട്വന്റി20 പരമ്പരകളിൽ കൂടുതൽ യുവതാരങ്ങള ഉൾപ്പെടുത്തി പരീക്ഷണങ്ങൾ നടത്തുന്നതും ലോകകപ്പ് ലക്ഷ്യമിട്ടാണ്. സീനിയർ താരങ്ങളിൽ മിക്കവര്‍ക്കും വിശ്രമം നൽകിയാണ് ടീം മാനേജ്മെന്റ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സംഘത്തേയും പ്രഖ്യാപിച്ചത്. ഇതോടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ലോകകപ്പിനുള്ള ടീമിലുണ്ടാകുമോ എന്ന കാര്യവും ആശങ്കയിലാണ്.
2022 ലോകകപ്പിൽ ഇന്ത്യ സെമിയിൽ തോറ്റു പുറത്തായതിനു ശേഷം രോഹിത്തും കോലിയും ഇന്ത്യയ്ക്കു വേണ്ടി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല. എന്നാൽ രോഹിത്തും കോലിയും നിലവിൽ മികച്ച ഫോമിലാണെന്നും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പ്രായം ഒരു ഘടകമല്ലെന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. ഐപിഎല്ലിനു ശേഷമാകും ടീം സിലക്‌ഷനെ കുറിച്ച് കൂടുതൽ വ്യക്തത വരികയെന്നും രോഹിത്തിന്റേത് മികച്ച ക്യാപ്റ്റൻസിയാണെന്നും ഗംഭീർ പറഞ്ഞു.
‘‘ടീമിലേക്കുള്ള സിലക്‌ഷൻ ഫോമിനെ ആശ്രയിച്ചാണിരിക്കുന്നത്. ഐപിഎൽ ടൂർണമെന്റിനു ശേഷം മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ. രോഹിത്തും വിരാടും മികച്ച ഫോമിലാണെങ്കിൽ അവരെ ടീമിലേക്ക് പരിഗണിക്കണം. ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ പ്രകടനം പ്രശംസനീയമാണ്. 5 ഐപിഎൽ കിരീടം നേടുകയെന്നത് ചെറിയ കാര്യമല്ല. ഏകദിന ലോകകപ്പിൽ ഫൈനൽ വരെയുള്ള ഇന്ത്യയുടെ മുന്നേറ്റം എത്തരത്തിലുള്ളതാണെന്ന് നമ്മൾ കണ്ടു. ഒരു മത്സരത്തിലെ പ്രകടനം മോശമായെന്നുവച്ച് അദ്ദേഹത്തെ മോശം ക്യാപ്റ്റനെന്ന് പറയാനാവില്ല. ക്യാപ്റ്റൻസി എന്നത് വലിയ ഉത്തരവാദിത്തമാണ്. മികച്ച ഫോമിൽ തുടരുകയാണെങ്കില്‍ ടി20 ലോകകപ്പിലും രോഹിത്തിനെ ക്യാപ്റ്റനാക്കണം’’ –ഗംഭീർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിയുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രോഹിത്തിനും കോലിക്കും അവർ ആവശ്യപ്പെട്ട പ്രകാരം വിശ്രമം നൽകിയതായി ബിസിസിഐ അറിയിച്ചിരുന്നു. പരുക്കേറ്റ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ഡിസംബർ 26ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ സീനിയർ താരങ്ങൾ മടങ്ങിയെത്തും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടി20 മത്സരങ്ങളുണ്ട്. അടുത്ത വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.