താരലേലത്തിലെ ലേഡി സൂപ്പർ സ്റ്റാർ! 2 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമില്; ആരാണ് കശ്‌വീ ഗൗതം?
Mail This Article
മുംബൈ ∙ ശനിയാഴ്ച നടന്ന വനിതാ പ്രിമിയർ ലീഗ് താരലേലത്തിനുശേഷം ആരാധകർ ആകാംക്ഷയോടെ തിരക്കിയത് കശ്‌വീ ഗൗതം എന്ന ഇരുപതുകാരിയെക്കുറിച്ചാണ്. ഇന്ത്യൻ സീനിയർ ടീമിൽ ഇതുവരെ കളിച്ചിട്ടില്ല കശ്‌വീ. കഴിഞ്ഞവർഷത്തെ ലേലത്തിൽ ടീമുകൾ തഴഞ്ഞ ബോളർ. ബാറ്റർമാർക്കും ഓൾറൗണ്ടർമാർക്കും പൊന്നുംവിലയുള്ള ലേലത്തിൽ പഞ്ചാബ് സ്വദേശിനിയായ മീഡിയം പേസ് ബോളർ എങ്ങനെ സൂപ്പർ സ്റ്റാറായി?. സെർച്ച് എൻജിനുകളെ ചൂടുപിടിപ്പിച്ച ആരാധക അന്വേഷണങ്ങളിൽ പുറത്തുവന്നത് ഒരു ഏകദിന മത്സരത്തിലെ 10 വിക്കറ്റ് നേട്ടം അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലെ അസാമാന്യ റെക്കോർഡുകളാണ്.
4.5–1–12–10
4.5 ഓവറിൽ വെറും 12 റൺസ് വഴങ്ങി 10 വിക്കറ്റ്. 13–ാം വയസ്സിൽ പഞ്ചാബിന്റെ അണ്ടർ 19 ടീമിൽ ഇടം നേടിയെങ്കിലും ദേശീയ ക്രിക്കറ്റിൽ കശ്‌വീ തന്റെ വരവറിയിച്ചത് 2020ലെ ഈ അദ്ഭുത പ്രകടനത്തോടെയാണ്. ആന്ധ്രപ്രദേശിൽ നടന്ന ബിസിസിഐ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ചാംപ്യൻഷിപ്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 10 ബാറ്റർമാരെയും പുറത്താക്കിയത് ചണ്ഡിഗഡ് ക്യാപ്റ്റൻ കശ്‌വീയായിരുന്നു. ഹാട്രിക് ഉൾപ്പെടെ നേടിയ ബോളിങ് പ്രകടനത്തിനിടെ 6 പേരെ വിക്കറ്റിനു മുൻപിൽ കുരുക്കി. ഏകദിന ക്രിക്കറ്റിൽ 10 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടത്തോടെ 16–ാം വയസ്സിൽ കശ്‌വീ വിസ്മയമായി.
ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡ് പ്രകടനത്തിന്റെ തിളക്കത്തിൽ കഴിഞ്ഞവർഷത്തെ ലേലത്തിൽ അണിനിരന്ന കശ്‌വീയെ ആരും ടീമിലെടുത്തില്ല. പന്തിന്റെ വേഗക്കുറവാണ് പോരായ്മയായി ചില ടീം മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടിയത്. ബോളിങ്ങിൽ പേസ് വർധിപ്പിക്കാനുള്ള കഠിന പരിശീലനം കശ്‌വീ ആരംഭിച്ചത് ഇതിനുശേഷമാണ്. പേസിലും സ്വിങ്ങിലും മൂർച്ച കൂട്ടി തിരിച്ചെത്തിയ താരം ഈ വർഷം ദേശീയ വനിതാ ട്വന്റി20യിൽ 7 മത്സരങ്ങളിൽനിന്ന് 12 വിക്കറ്റുകളാണ് നേടിയത്.
നിലവിലെ ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമയെ ഇഷ്ടപ്പെടുന്ന കശ്‌വീ ഹെയർകട്ടിലും ഷെഫാലിയെ അനുകരിച്ചിട്ടുണ്ട്. ഷെഫാലിയെപ്പോലെ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചായിരുന്നു കശ്‌വീയുടെയും തുടക്കം. 2 കോടി രൂപയ്ക്കാണ് കശ്‌വീ ഗുജറാത്ത് ടീമിലെത്തിയത്.