ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് ഇന്നുമുതൽ
Mail This Article
നവി മുംബൈ ∙ ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം ഇന്നു നവി മുംബൈ സ്റ്റേഡിയത്തിൽ നടക്കും. ട്വന്റി20 പരമ്പര നഷ്ടത്തിന്റെ ക്ഷീണം മാറ്റാൻ ഇന്നത്തെ മത്സരം ഹർമൻപ്രീത് കൗറിനും സംഘത്തിനും ജയിച്ചേ മതിയാകൂ. 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ അവസാന മത്സരത്തിലെ ആശ്വാസ ജയവുമായി ടീം ഇന്ത്യയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനു ടെസ്റ്റ് പരമ്പരയിലൂടെ പകരംവീട്ടാമെന്ന കണക്കുകൂട്ടലിലാണ് ആതിഥേയർ. 2021ൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് ഇരു ടീമുകളും അവസാനമായി ടെസ്റ്റ് മത്സരത്തിൽ നേർക്കുനേർ വന്നത്. അന്ന് മത്സരം സമനിലയിൽ അവസാനിച്ചു. ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇതുവരെ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളിൽ ഒരു തവണ മാത്രമേ തോറ്റിട്ടുള്ളൂ എന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. രാവിലെ 9.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം.
സ്പിൻ പ്രതീക്ഷയിൽ ഇന്ത്യ
സ്പിന്നർമാരെ തുണയ്ക്കുന്ന നവി മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ദീപ്തി ശർമ, സൈക ഇഷാഖ്, രാജേശ്വരി ഗെയ്ക്‌വാദ്, സ്നേഹ റാണ തുടങ്ങിയ സ്പിന്നർമാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രേണുക സിങ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള പേസ് നിര മികച്ച ഫോമിലാണെന്നതും ഇന്ത്യൻ ബോളിങ്ങിന്റെ ശക്തി കൂട്ടുന്നു. ബാറ്റിങ്ങിൽ ഷെഫാലി വർമ, സ്മൃതി മന്ഥന, ജമൈമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ എന്നീ ടോപ് ഓർഡർ ബാറ്റർമാരുടെ പ്രകടനം നിർണായകമാകും. മറുവശത്ത് ട്വന്റി20 പരമ്പര ജയിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ശക്തമാണ്. സോഫി എക്ലസ്റ്റൻ നയിക്കുന്ന സ്പിൻ നിര കൂടി ഫോം കണ്ടെത്തിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കടുപ്പമാകും.