ഗ്രൗണ്ടിൽ ഇരുന്നതു ക്ഷീണം കാരണം; പ്രാർഥിക്കണമെന്നുണ്ടെങ്കിൽ ചെയ്യും, ആരും തടയില്ലെന്ന് ഷമി
Mail This Article
മുംബൈ∙ ഏകദിന ലോകകപ്പിൽ തകർപ്പന്‍ പ്രകടനമാണ് പേസർ മുഹമ്മദ് ഷമി പുറത്തെടുത്തത്. ആദ്യ നാലു മത്സരങ്ങൾ കളിക്കാതിരുന്ന ഷമി, പിന്നീടുള്ള ഏഴു കളികളില്‍നിന്ന് 24 വിക്കറ്റുകളാണു വീഴ്ത്തിയത്. ഉത്തർപ്രദേശിൽനിന്നുള്ള താരം ലോകകപ്പിൽ മൂന്നു വട്ടം അഞ്ചു വിക്കറ്റു നേട്ടത്തിലെത്തി. ന്യൂസീലൻഡിനെതിരായ സെമിയിൽ ഷമി ഏഴു വിക്കറ്റുകൾ നേടി. ശ്രീലങ്കയ്ക്കെതിരെ താരം അഞ്ചു വിക്കറ്റു നേടിയ മത്സരത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയും ഉയർന്നിരുന്നു.
വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ചാം വിക്കറ്റ് നേടിയ ശേഷം ഷമി ഗ്രൗണ്ടിൽ മുട്ടുകുത്തി ഇരുന്നു. ഗ്രൗണ്ടിൽവച്ച് പ്രാർഥിക്കാൻ മുഹമ്മദ് ഷമിക്കു താൽപര്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഭയന്നെന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിലെ ചില പ്രതികരണങ്ങൾ. അതേസമയം ഇത്തരം വാദങ്ങളെ പൂര്‍ണമായി തള്ളിയിരിക്കുകയാണ് ഷമിയിപ്പോൾ. ആർക്കെങ്കിലും പ്രാർഥിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആരാണ് അവരെ തടയുകയെന്ന് ഒരു അഭിമുഖത്തിനിടെ ഷമി ചോദിച്ചു.
‘‘ആർക്കെങ്കിലും പ്രാർഥിക്കണമെന്നുണ്ടെങ്കിൽ ആരാണ് അവരെ തടയുന്നത്? എനിക്കു പ്രാർഥിക്കണമെന്നുണ്ടെങ്കിൽ ഞാൻ അതു ചെയ്യുമായിരുന്നു. അതിൽ എന്താണു പ്രശ്നമുള്ളത്. ഞാനൊരു മുസ്‍ലിം ആണെന്ന് അഭിമാനത്തോടെ പറയും. ഇന്ത്യക്കാരനാണെന്നും ഞാൻ അഭിമാനത്തോടെയാണു പറയുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഞാൻ ഇന്ത്യയിൽ ജീവിക്കില്ലായിരുന്നു.’’
‘‘പ്രാർഥിക്കാൻ ആരുടെയെങ്കിലും അനുവാദം വാങ്ങണമെങ്കിൽ, ഞാനെന്തിന് ഇവിടെ നിൽക്കണം? ഞാനും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ കണ്ടിരുന്നു. എനിക്കു മുൻപും അഞ്ചു വിക്കറ്റുകൾ കിട്ടിയിട്ടുണ്ട്. അന്നു ഞാൻ പ്രാർഥിച്ചിരുന്നോ? ഞാൻ അതു ചെയ്യണമെന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി, ചെയ്യാം. ഇന്ത്യയിൽ എവിടെയും അതിനു സാധിക്കും. ആർക്കും എന്നെ തടയാൻ സാധിക്കില്ല. എനിക്കു ക്ഷീണം ഉണ്ടായതിനാലാണു ഗ്രൗണ്ടിൽ ഇരുന്നത്. ആളുകൾ അതിനെ വേറൊരു രീതിയിൽ എടുത്തു.’’– മുഹമ്മദ് ഷമി വ്യക്തമാക്കി.