ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞു, ഇന്ത്യയ്ക്ക് 347 റൺസിന്റെ വമ്പൻ വിജയം; ദീപ്തിക്ക് ഒൻപതു വിക്കറ്റ്
Mail This Article
മുംബൈ∙ ഇംഗ്ലണ്ട് വനിതകളെ തകർത്തെറിഞ്ഞ് ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 347 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. വനിതാ ടെസ്റ്റിൽ റൺസ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണ് നവി മുംബൈയിൽ ഇന്ത്യ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ വിജയ ലക്ഷ്യമായ 479 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 131 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ 6ന് 186 എന്ന നിലയിലായിരുന്നു. ആകെ ലീഡ് 478 റൺസ്. മൂന്നാം ദിനം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞു.
20 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ ഹീതർ നൈറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ദീപ്തി ശർമ നാലും പൂജ വസ്ത്രകാർ മൂന്നും വിക്കറ്റുകളുമായി കളം നിറഞ്ഞപ്പോൾ രണ്ടാം ഇന്നിങ്സിൽ 27.3 ഓവറുകൾ പിടിച്ചുനിൽക്കാൻ മാത്രമാണ് ഇംഗ്ലണ്ടിനു സാധിച്ചത്. രാജേശ്വരി ഗെയ്ക്‌വാദ് രണ്ടു വിക്കറ്റുകളും രേണുക സിങ് ഒരു വിക്കറ്റും നേടി.
രണ്ട് ഇന്നിങ്സുകളിലുമായി ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമയാണു കളിയിലെ താരം. ആദ്യ ഇന്നിങ്സില്‍ ദീപ്തി അഞ്ചു വിക്കറ്റുകൾ നേടിയിരുന്നു. 292 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 428 റൺസ് അടിച്ചു കൂട്ടിയപ്പോൾ ഇംഗ്ലണ്ട് 136 റൺസിനു പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 67 പന്തിൽ 44 റണ്‍സുമായി പുറത്താകാതെനിന്നു.