ലയൺ കിങ്, ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച് ഓസീസ് താരം
Mail This Article
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ താരമായി ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പാക്ക് ബാറ്റർ ഫഹീം അഷ്റഫിനെ പുറത്താക്കിയാണ് മുപ്പത്തിയാറുകാരനായ ലയൺ 500 ക്ലബ്ബിൽ ഇടംപിടിച്ചത്. തന്റെ 123–ാം ടെസ്റ്റിലാണ് ലയൺ ഈ നേട്ടം കൈവരിച്ചത്. 133 ടെസ്റ്റിൽ നിന്ന് 800 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ. ഇന്ത്യയിൽനിന്ന് സ്പിന്നർ അനിൽ കുംബ്ലെ ( 619 വിക്കറ്റ്) മാത്രമാണ് 500 വിക്കറ്റ് ക്ലബ്ബിലുള്ളത്. സജീവ ക്രിക്കറ്റിൽ ലയണിനു പുറമേ, ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സനാണ് (690) ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. 94 ടെസ്റ്റിൽ നിന്നു 489 വിക്കറ്റുള്ള ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനും ലയണിനു പിന്നാലെയുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ താരമാണ് നേഥൻ ലയൺ. 2011ൽ ശ്രീലങ്കയ്ക്കെതിരെ ഗോളിൽ നടന്ന മത്സരത്തിൽ കുമാർ സംഗക്കാരയെയാണ് ലയൺ പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന 17–ാമത്തെ താരമാണ് ലയൺ. മത്സരത്തിൽ 32 റൺസ് വഴങ്ങിയ ലയൺ 5 വിക്കറ്റ് സ്വന്തമാക്കി.