ആളുമാറി വാങ്ങിയത് മറ്റൊരു ശശാങ്ക് സിങ്ങിനെ; പഞ്ചാബ് കിങ്സിന് പറ്റിയത് വൻ അബദ്ധം
Mail This Article
ദുബായ്∙ ഐപിഎൽ താരലേലത്തിനിടെ പഞ്ചാബ് കിങ്സിനു സംഭവിച്ചത് വൻ അബദ്ധം. യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഒരു താരത്തെ പഞ്ചാബ് കിങ്സിനു വാങ്ങേണ്ടിവന്നു. ശശാങ്ക് സിങ്ങിനെയാണ് പഞ്ചാബ് ‘ആളുമാറി’ വാങ്ങിയത്. തീരുമാനം വീണ്ടും പരിശോധിക്കണമെന്ന് പഞ്ചാബ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും ലേലം നയിച്ച മല്ലിക സാഗർ ഇതിനു തയാറായില്ല. തുടർന്ന് പഞ്ചാബിന് ശശാങ്ക് സിങ്ങിനെ വാങ്ങിയത് അംഗീകരിക്കേണ്ടിവന്നു.
ലേലത്തിലുള്ള എല്ലാ താരങ്ങളുടേയും വിവരങ്ങൾ ക്ലബ് പ്രതിനിധികൾക്ക് സ്വന്തം ലാപ്ടോപുകളിൽ ലഭ്യമാകും. ഇതു പരിശോധിച്ച ശേഷം ആരെയൊക്കെ വാങ്ങണമെന്ന ധാരണയുമായാണ് ക്ലബുകൾ സാധാരണ ലേലത്തിനെത്തുക. എന്നാൽ ശശാങ്ക് സിങ്ങിന്റെ പേര് മല്ലിക സാഗർ പറഞ്ഞപ്പോൾ തന്നെ പഞ്ചാബ് താൽപര്യം അറിയിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ വാങ്ങാൻ മറ്റാരും വന്നതുമില്ല.
ഇതോടെ ശശാങ്കിനെ പഞ്ചാബ് സ്വന്തമാക്കിയതായി അറിയിപ്പു വന്നു. തൊട്ടുപിന്നാലെയാണ് ആശയക്കുഴപ്പം സംഭവിച്ചെന്ന വാദവുമായി പഞ്ചാബ് പ്രതിനിധികൾ എത്തിയത്. എന്നാല്‍ തീരുമാനം പിൻവലിക്കാനാകില്ലെന്നായിരുന്നു മല്ലിക സാഗറിന്റെ നിലപാട്. ഒടുവിൽ പഞ്ചാബിനും ഇത് അംഗീകരിക്കേണ്ടിവന്നു. 32 വയസ്സുകാരനായ ശശാങ്ക് സിങ് മുന്‍പ് സൺറൈസേഴ്സ് ഹൈദരാബാദില്‍ കളിച്ചിട്ടുണ്ട്. പിന്നീടു താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല.
19 വയസ്സുകാരനായ മറ്റൊരു ശശാങ്ക് സിങ്ങിനെ ടീമിലെടുക്കുന്നതിനാണു പഞ്ചാബ് ശ്രമിച്ചിരുന്നതെന്നു പിന്നീടു വ്യക്തമായി. എന്തായാലും ലേലത്തിൽ കിട്ടിയ ശശാങ്ക് സിങ്ങിന്റെ വിഡിയോ പഞ്ചാബ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റിനു നന്ദി അറിയിക്കുന്നതായി ശശാങ്ക് സിങ് വിഡിയോയിൽ പറയുന്നു.