കോടികൾ വാരി ഏകദിന ലോകകപ്പിൽ തിളങ്ങിയ താരങ്ങൾ, ഞെട്ടിച്ചത് സമീർ റിസ്‌വി
Mail This Article
ദുബായ് ∙ ദുബായിൽ ഇന്നലെ മണൽക്കാറ്റിനു പകരം വീശിയത് പണക്കാറ്റായിരുന്നു! റെക്കോർഡുകൾ തിരുത്തിയെഴുതപ്പെട്ട ഐപിഎൽ മിനി താരലേലത്തിൽ കാശുവാരിയത് ഓസ്ട്രേലിയൻ താരങ്ങൾ.
24.75 കോടിരൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി. സ്റ്റാർക്കിനു തൊട്ടുമുൻപ്, 20.50 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.
ഈ റെക്കോർഡ് തിരുത്തപ്പെടില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് സ്റ്റാർക്കിന്റെ വരവ്. ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടി രൂപയ്ക്ക് സൺ റൈസേഴ്സ് സ്വന്തമാക്കി.
14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ, 11.75 കോടി നൽകി പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ, 11.50 കോടിക്കു ബാംഗ്ലൂരിലെത്തിയ വെസ്റ്റിൻഡീസ് പേസർ അൽസരി ജോസഫ് എന്നിവരാണ് ലേലത്തിൽ പണം വാരിയ മറ്റു താരങ്ങൾ.
ആഭ്യന്തര താരങ്ങളിൽ സമീർ റിസ്‌വി (8.40 കോടി– ചെന്നൈ സൂപ്പർ കിങ്സ്), ഷാറൂഖ് ഖാൻ (7.40 കോടി– ഗുജറാത്ത് ടൈറ്റൻസ്), കുമാർ കുശാഗ്ര (7.20 കോടി– ഡൽഹി ക്യാപിറ്റൽസ്), ശുഭം ദുബെ (5.80 കോടി– രാജസ്ഥാൻ റോയൽസ്) എന്നിവർ നേട്ടമുണ്ടാക്കി.
ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, ജോഷ് ഹെയ്സൽവുഡ്, ഇന്ത്യൻ താരം കരുൺ നായർ, തുടങ്ങിയവർക്ക് ആവശ്യക്കാരുണ്ടായില്ല.
ലേലത്തിൽ റെക്കോർഡിട്ട് ഓസ്ട്രേലിയൻ പേസ് ജോടി
‘പാറ്റ് കമിൻസ്– 20.50 കോടി രൂപയ്ക്ക് ഹൈദരാബാദിലേക്ക്’– ഐപിഎൽ മിനി താരലേലത്തിൽ അദ്ഭുതമൂറിയ ചിരിയോടെയാണ് ഓക്‌ഷണർ മല്ലിക സാഗർ ഈ പ്രഖ്യാപനം നടത്തിയത്. ഐപിഎൽ കിരീടവിജയികൾക്കു ലഭിക്കുന്ന സമ്മാനത്തുക 20 കോടിയാണെന്നിരിക്കെ, അതിനെക്കാൾ 50 ലക്ഷം രൂപ അധികം നൽകിയാണ് ഹൈദരാബാദ് ഓസ്ട്രേലിയൻ ക്യാപ്റ്റനെ സ്വന്തമാക്കിയത്. എന്നാൽ കമിൻസിന്റെ റെക്കോർഡ് നേട്ടത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 24.75 കോടി രൂപ വാരിയെറിഞ്ഞ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഏകദിന ലോകകപ്പിലെ മിന്നും പ്രകടനമാണ് ഓസീസ് താരങ്ങൾക്ക് നേട്ടമായത്. ക്യാപ്റ്റൻസി മികവുകൂടി പരിഗണിച്ചാണ് കമിൻസിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്.
ഇത്രയും വലിയ തുക ലഭിക്കുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. പാറ്റ് (കമിൻസ്) കളിച്ചുകൊണ്ടിരുന്ന ടീമാണ് കൊൽക്കത്ത. പാറ്റിന്റെ അഭാവം കൊൽക്കത്തയിൽ നികത്താനാകുമെന്നാണ് പ്രതീക്ഷ. – മിച്ചൽ സ്റ്റാർക്
സമീർ റിസ്‌വി 8.40 കോടി !
ആഭ്യന്തര താരങ്ങളിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഉത്തർപ്രദേശിൽ നിന്നുള്ള ഇരുപതുകാരൻ സമീർ റിസ്‌വിയാണ്. ഉത്തർപ്രദേശ് ട്വന്റ20 ടൂർണമെന്റിൽ 9 ഇന്നിങ്സിൽ 188.80 സ്ട്രൈക്ക് റേറ്റിൽ 455 റൺസ് നേടിയതോടെയാണ് സമീർ ശ്രദ്ധേയനായത്. 8.40 കോടി രൂപ നൽകിയാണ് സമീറിനെ ചെന്നൈ ടീമിലെത്തിച്ചത്.
ട്രാൻസ്ഫർ ജാലകം ഇന്നു തുറക്കും
ടീമുകൾക്ക് താരങ്ങളെ പരസ്പരം കൈമാറാനുള്ള ട്രാൻസ്ഫർ ജാലകം ഇന്നു മുതൽ വീണ്ടും സജീവമാകും. അടുത്ത വർഷം ഫെബ്രുവരി വരെ ടീമുകൾക്ക് താരങ്ങളെ പരസ്പരം കൈമാറാം. പണം നൽകിയോ പകരം താരങ്ങളെ നൽകിയോ ആണ് കൈമാറ്റം.