ഓസീസ് വനിതകൾ 219ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച് സ്മൃതി (43*), ഷഫാലി (40)
Mail This Article
മുംബൈ ∙ ഇംഗ്ലണ്ട് വനിതകൾക്കെതിരായ ടെസ്റ്റ് മത്സരത്തിലെ റെക്കോർഡ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ, ഒന്നാം ദിനം കളി നിർത്തുമ്പോൾ ശക്തമായ നിലയിൽ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 219 റൺസിനെതിരെ, ഒന്നാം ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 121 റൺസ് മാത്രം പിന്നിൽ. ഓപ്പണർ സ്മൃതി മന്ഥന 43 റൺസോടെയും സ്നേഹ് റാണ നാലു റൺസോടെയും ക്രീസിലുണ്ട്.
59 പന്തിൽ എട്ടു ഫോറുകൾ സഹിതം 40 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് പുറത്തായത്. ജൊനാസന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ഷഫാലി പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയ്ക്കൊപ്പം 90 റൺസ് കൂട്ടിച്ചേർത്താണ് ഷഫാലി മടങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇരുവരും 16.4 ഓവറിലാണ് 90 റൺസ് കൂട്ടിച്ചേർത്തത്. ഇതുവരെ 49 പന്തുകൾ നേരിട്ട സ്മൃതി എട്ടു ഫോറുകൾ സഹിതമാണ് 43 റൺസെടുത്തത്. എട്ടു പന്തുകൾ നേരിട്ട സ്നേഹ റാണ ഒരു ഫോർ സഹിതം 4 റൺസുമെടുത്തു.
∙ ഓസീസ് 219 റണ്‍സിന് പുറത്ത്
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 77.4 ഓവറിൽ 219 റൺസിനു പുറത്തായി. അർധസെഞ്ചറി നേടിയ ടാലിയ മഗ്രാത്താണ് ഓസീസിന്റെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട ടാലിയ എട്ടു ഫോറുകൾ സഹിതം 50 റണ്‍സെടുത്ത് പുറത്തായി. ഓപ്പണർ ബേത് മൂണി 94 പന്തിൽ രണ്ടു ഫോറുകളോടെ 40 റൺസെടുത്തു.
ക്യാപ്റ്റൻ അലീസ ഹീലി (75 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 38), അന്നാബൽ സുതർലാൻഡ് (58 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16), ജെസ് ജൊനാസൻ (61 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19), കിം ഗാർത് (71 പന്തിൽ രണ്ടു ഫോറുകൾ സഹിതം പുറത്താകാതെ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓപ്പണർ ഫെയ്ബി ലിച്ഫീൽഡ് (0), എലിസ് പെറി (4), ആഷ്‍ലി ഗാർഡ്നർ (26 പന്തിൽ 11), അലാന കിങ് (5), ലൗറൻ ഷീറ്റിൽ (6) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി പൂജ വസ്ത്രാകർ 16 ഓവറിൽ 53 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. സ്നേഹ റാണ 22.4 ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമയ്ക്ക് 19 ഓവറിൽ 45 റൺസ് വഴങ്ങി രണ്ടു വിക്കറ്റും നേടി. ഓസീസ് താരം ലിച്ഫീൽഡ് റണ്ണൗട്ടായി.