റണ്ണൊഴുകും ചിന്നസ്വാമിയിലേക്ക് 11.50 കോടിക്ക് അൽസരി ജോസഫ്; സ്വന്തം ആരാധകരെയും ഞെട്ടിച്ച ‘സ്ട്രാറ്റജി’കൾ!
Mail This Article
ആവശ്യം സൃഷ്ടിയുടെ മാതാവാകുമെന്ന പ്ലാറ്റോ ചിന്താഗതിയാണ് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ അറേബ്യൻ ലേലത്തിലെ ‘ഇംപാക്ട് പ്ലെയർ’. നിലവിലെ സ്ക്വാഡിൽ കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമില്ലാതെ മിനി ലേലത്തിനെത്തിയ ഫ്രാഞ്ചൈസികൾ തേടിയതു ടീമിന്റെ മൂർച്ച കൂട്ടാനുള്ള ചില ആയുധങ്ങൾ. കളത്തിൽ മുൻതൂക്കം നൽകുന്ന ആ വാങ്ങലുകൾക്കു പണത്തൂക്കം മറന്നു ടീമുകൾ മത്സരിച്ചതോടെ മെഗാ ലേലങ്ങളെയും കടത്തിവെട്ടുന്ന ‘ജാക്പോട്ട്’ ആണു താരങ്ങൾക്കു ലഭിച്ചത്.
∙ പണമെറിഞ്ഞ് ടീമുകൾ
ലേലത്തിലെ ആദ്യ പേരുകാരനായെത്തിയ വെസ്റ്റിൻഡീസ് ബാറ്റർ റോവ്‌മൻ പവലിന്റെ വാങ്ങൽ മുതൽ പ്രതിഫലിക്കുന്നുണ്ട് ടീമുകളുടെ ‘ആവശ്യക്കാരന് ഔചിത്യമില്ല’ എന്ന സ്ട്രാറ്റജി. ഫിനിഷർ റോളിലൊരു വെടിക്കെട്ട് ബാറ്റർ അല്ലെങ്കിൽ ഓൾറൗണ്ടറെ വേണ്ടിയിരുന്ന ടീമാണു രാജസ്ഥാൻ. ഒന്നോ രണ്ടോ ഓവർ പന്തെറിയാനുമാകുന്ന പവലിനുവേണ്ടി ഏതറ്റം വരെയും പോകാമെന്ന മട്ടിലാണു റോയൽസ് വിളി തുടങ്ങിയത്. ആകെ ബജറ്റിന്റെ 50 ശതമാനത്തിനു മേൽ ഒരാൾക്കായി മുടക്കിയതിനു രാജസ്ഥാൻ ചീഫ് കോച്ച് കുമാർ സംഗക്കാര നൽകിയ മറുപടിയിലുണ്ട് എല്ലാ ടീമുകളുടെയും സ്ട്രാറ്റജി – ‘രാജസ്ഥാനു പവൽ ഒരു ആവശ്യം തന്നെയായിരുന്നു. വിട്ടുകൊടുക്കാതെ ഞങ്ങൾ നോക്കി’.
മധ്യനിരയിലൊരു മാച്ച് വിന്നിങ് ബാറ്ററായിരുന്നു ചെന്നൈയുടെ ആവശ്യം. ചെപ്പോക്കിലെ പിച്ചിനു യോജിച്ച ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനെ (14 കോടി) അവർ സ്വന്തമാക്കിയതു ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുകയ്ക്ക്. ഷാർദൂൽ ഠാക്കൂറിനെയും രചിൻ രവീന്ദ്രയെയും കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കുക കൂടി ചെയ്തതോടെ ഈ ലേലത്തിലെ ഏറ്റവും സന്തുഷ്ട ടീമുകളിലൊന്നായി ചെന്നൈ.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവം നികത്താനൊരു ബാറ്ററെയും ബോളിങ്ങിൽ ഒരു ഗെയിം ചെയ്ഞ്ചറെയും തേടിയ ഗുജറാത്ത് ടൈറ്റൻസും ടീമിന്റെ കരുത്തുകൂട്ടിയാണ് മടങ്ങുന്നത്. 7.40 കോടി മുടക്കി ഫിനിഷർ റോളിൽ ഷാറൂഖ് ഖാനെ വാങ്ങിയ ടൈറ്റൻസിനു മിച്ചൽ സ്റ്റാർക്കിന്റെ കാര്യത്തിൽ മാത്രമാണു കണക്കുകൂട്ടലുകൾ തെറ്റിയത്.
ബാറ്റർമാരേറെയുള്ള സൺറൈസേഴ്സിനു ബോളിങ് നയിക്കാൻ ഒരു മാർക്വീ താരത്തിന്റെ ആവശ്യമുണ്ടായിരുന്നു. പാറ്റ് കമിൻസിനെ റെക്കോർഡ് തുക (20.5 കോടി) മുടക്കി വിളിച്ച ടീമിന് അപ്രതീക്ഷിതമായൊരു ബംപറുമടിച്ചു. അടിസ്ഥാന വിലയ്ക്കു ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയെ (1.5 കോടി) സ്വന്തമാക്കിയതോടെ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഗതി നിർണയിക്കുന്ന 2 താരങ്ങളുമായി ‘മെയ്ക്ക് ഓവർ’ നടത്തിയിരിക്കുകയാണു ഹൈദരാബാദ്.
മിച്ചൽ സ്റ്റാർക്കിനു 24.75 കോടി നൽകി ഐപിഎലിലെ ഏറ്റവും വിലയേറിയ വാങ്ങൽ നടത്തിയെങ്കിലും വൻതാരങ്ങളെ കൂട്ടത്തോടെ റാഞ്ചുന്ന പതിവിൽ നിന്നു പിന്നാക്കം പോയതിലൂടെ കരുത്തേറിയെന്നു പറയാനാകാത്ത നിലയിലാണു കൊൽക്കത്ത. എയ്സ് ബോളറെ ലക്ഷ്യമിട്ട ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ കാര്യവും സമാനമാണ്. റണ്ണൊഴുകുന്ന ചിന്നസ്വാമിയിൽ വിൻഡീസ് പേസർ അൽസരി ജോസഫിനെ 11.50 കോടിക്കു കൊണ്ടുവന്ന സ്ട്രാറ്റജി ആർസിബി ആരാധകരെപ്പോലും അമ്പരപ്പിച്ചിരിക്കും.
വൻതുകയുടെ പേരിൽ ചാലഞ്ചേഴ്സ് കൈവിട്ട ഹർഷൽ പട്ടേലിനെ അതിനെക്കാൾ ഉയർന്ന വിലയ്ക്കു (11.75 കോടി) പഞ്ചാബ് കിങ്സ് റാഞ്ചിയതു റബാദയ്ക്കു കൂട്ടായൊരു ഡെത്ത് ഓവർ ബോളർ എന്ന ആവശ്യം മുൻനിർത്തിയാണ്. മുംബൈ ഇന്ത്യൻസും ലേലത്തിലൂടെ തിളക്കം വർധിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ ഭാവിതാരം ജെറാൾഡ് കോട്സെയും ലങ്കൻ പേസർമാരായ ദിൽഷൻ മധുഷങ്കയും നുവാൻ തുഷാരയും താരതമ്യേന കുറഞ്ഞ വിലയ്ക്കാണു മുംബൈയിലെത്തുന്നത്. ബാക്കപ്പ് താരങ്ങളെ തേടിയ ഡൽഹിയും ലക്നൗവും ആദായവിലയ്ക്ക് ആവശ്യം പൂർത്തീകരിച്ചാണു ലേലം പിന്നിടുന്നത്.