കമിൻസ് നല്ല ടെസ്റ്റ് താരമാണ്, നായകനും: പക്ഷേ ഹൈദരാബാദിന്റെ 20.50 കോടിയിൽ ഗില്ലെസ്പിക്ക് ‘സംശയം’
Mail This Article
സിഡ്നി∙ ടെസ്റ്റ് ബോളർ, ക്യാപ്റ്റൻ എന്നീ നിലകളിൽ ശ്രദ്ധേയനാണെങ്കിലും, ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസിന് ഐപിഎൽ താരലേലത്തിൽ 20.50 കോടി രൂപ ലഭിച്ചതിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസീസ് താരം ജേസൻ ഗില്ലസ്പി. ട്വന്റി20 ക്രിക്കറ്റ് കമിൻസിനു മേധാവിത്തമുള്ള മേഖലയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗില്ലസ്പിയുടെ എതിർ നിലപാട്. അതേസമയം, 24.75 കോടി രൂപ നേടിയ മിച്ചൽ സ്റ്റാർക്കിന്റെ കാര്യത്തിൽ ഇത്തരം സംശയങ്ങൾക്ക് ഇടയില്ലെന്നും ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
ഐപിഎൽ 2024 സീസണിനു മുന്നോടിയായി ദുബായിൽവച്ചു നടന്ന താരലേലത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദeണ് കമിൻസിനെ 20.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് റെക്കോർഡ് തുകയ്ക്ക് കമിൻസിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.
‘കമിൻസ് വളരെ മികച്ച ബോളറും നായകനുമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതു പലതവണ തെളിഞ്ഞതുമാണ്. പക്ഷേ, ട്വന്റി20 അദ്ദേഹത്തിന് മേധാവിത്തമുള്ള ഫോർമാറ്റാണെന്നു ഞാൻ കരുതുന്നില്ല. എന്റെ അഭിപ്രായത്തിൽ അദ്ദേഹം മികച്ച ടെസ്റ്റ് ബോളറാണ്. ടെസ്റ്റ് ഫോർമാറ്റിലാണ് കമിൻസിന്റെ മികവു സമ്പൂർണമായും പുറത്തുവരുന്നത്’ – ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
‘‘ട്വന്റി20യിൽ കമിൻസിന് തിളങ്ങാനാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇത്ര വലിയ തുക വേണമായിരുന്നോ എന്നതിലാണ് സംശയം. മിച്ചൽ സ്റ്റാർക്കിന് അത്രയും വലിയ തുക ലഭിച്ചതിൽ അദ്ഭുതമില്ല. വലിയ തുകയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഐപിഎൽ ഇത്തരത്തിൽ പണമൊഴുകുന്ന ലീഗാണ്. സ്റ്റാർക്കിന്റെ കാര്യത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇടംകയ്യൻ പേസർമാർക്ക് ടീമുകൾ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ തെളിയുന്നത്.’’ – ഗില്ലെസ്പി പറഞ്ഞു.
അതേസമയം, കമിൻസിന് ഐപിഎൽ താരലേലത്തിൽ വൻ വില ലഭിക്കുന്നത് ഇത് ആദ്യമല്ല. 2020 ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 15.5 കോടിക്കാണ് കമിൻസിനെ സ്വന്തമാക്കിയത്.