ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ നഷ്ടമാകും? മുംബൈ ഇന്ത്യൻസിനു വൻ തിരിച്ചടി
Mail This Article
മുംബൈ∙ കോടികളെറിഞ്ഞ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിലെ 2024 സീസണ്‍ നഷ്ടമായേക്കുമെന്നു റിപ്പോർട്ട്. കാലിനു പരുക്കുള്ള പാണ്ഡ്യയ്ക്ക് അടുത്ത സീസണില്‍ കളിക്കാനാകില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകകപ്പ് മത്സരത്തിനിടെയാണു താരത്തിനു കാലിനു പരുക്കേറ്റത്. പുണെയിൽ നടന്ന ബംഗ്ലദേശിനെതിരായ മത്സരത്തിനു ശേഷം താരത്തിന് ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താനായിട്ടില്ല.
പിന്നീടു നടന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിൽ പാണ്ഡ്യ കളിച്ചില്ല. അതിനു പിന്നാലെയാണ് ഐപിഎല്ലും താരത്തിനു നഷ്ടമാകുമെന്ന വിവരങ്ങൾ പുറത്തുവരുന്നത്. 2024 സീസണിലേക്ക് ഹാർദിക് പാണ്ഡ്യയാണു ടീമിനെ നയിക്കുകയെന്നു മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ സീസൺ വരെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ പാണ്ഡ്യയ്ക്കു കീഴിൽ കളിക്കുമെന്നും മുംബൈ നിലപാടെടുത്തു. പാണ്ഡ്യ ഇല്ലെങ്കിൽ രോഹിത് ശർമയോട് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ മുംബൈയ്ക്ക് ആവശ്യപ്പെടേണ്ടിവരും. ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ താരലേലത്തിനു തൊട്ടുമുൻപാണ് മുംബൈ ടീമിലെത്തിച്ചത്.
15 കോടിയിലേറെ പാണ്ഡ്യയ്ക്കായി ചെലവാക്കിയ മുംബൈ, താരത്തിനു ക്യാപ്റ്റൻ സ്ഥാനവും നൽകി. മുംബൈയിൽ കളിക്കണമെങ്കിൽ ക്യാപ്റ്റനാക്കണമെന്ന് പാണ്ഡ്യ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായാണു വിവരം. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ പാണ്ഡ്യ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ സൂര്യകുമാർ യാദവായിരിക്കും ടീം ഇന്ത്യയെ നയിക്കുക.
മുംബൈ ഇന്ത്യൻസിനൊപ്പം ഏഴു സീസണുകൾ കളിച്ചിട്ടുള്ള താരമാണ് ഹാർദിക് പാണ്ഡ്യ. 2022 ൽ താരം ഗുജറാത്ത് ടൈറ്റൻസിലേക്കു പോയി. ആദ്യ സീസണിൽ തന്നെ പാണ്ഡ്യയുടെ കീഴിൽ ഗുജറാത്ത് കിരീടം നേടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയെങ്കിലും, ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റു.