കോടികൾ എറിഞ്ഞ് ആരും കേട്ടിട്ടില്ലാത്ത താരങ്ങളെ എടുക്കുന്നതെന്തിന്? ഇത് കളി വേറെയാണ്
Mail This Article
20 കോടി പിന്നിട്ട് ഓസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ‘അങ്ങെടുത്ത’ ഐപിഎൽ താരലേലത്തിൽ ഇത്തവണ സൂപ്പർ താരമായ മറ്റൊരു കളിക്കാരനാണ് സമീർ റിസ്‌വി. ഇതുവരെ ഇന്ത്യയ്ക്കു കളിക്കാത്ത ഇരുപതുകാരൻ റിസ്‌വിയെ 8.4 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുത്തത്. രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത റിസ്‌വിയെ ചെന്നൈ വൻതുകയ്ക്ക് സ്വന്തമാക്കിയത് എന്തു കൊണ്ടാണ്? ചെന്നൈ ഫ്രാഞ്ചൈസിയിലെ സ്കൗട്ടുകളാണ് ആ രഹസ്യമറിയുന്നവർ.
ആരാണ് സ്കൗട്ടുകൾ?
തങ്ങൾക്കു മുതൽക്കൂട്ടാകുന്ന പുതിയ താരങ്ങളെത്തേടി ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ടൂർണമെന്റുകളിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ വലവിരിച്ചിരിക്കുന്നവരാണ് ഐപിഎൽ സ്കൗട്ടുകൾ. മികവിന്റെ ഒരു തീപ്പൊരി അല്ലെങ്കിൽ എക്സ് ഫാക്ടർ കാണുന്നവരെ നോട്ടമിടും, നിരീക്ഷിക്കും, പരീക്ഷിക്കും. തൃപ്തി തോന്നിയാൽ എന്തുവിലകൊടുത്തും സ്വന്തമാക്കും. ചെന്നൈയുടെ ഇങ്ങനെയുള്ള സ്കൗട്ടുകൾ കണ്ടെത്തിയ താരമാണ് സമീർ റിസ്‌വി. വലംകയ്യൻ സുരേഷ് റെയ്ന എന്നറിയപ്പെടുന്ന റിസ്‌വി യുപിക്കായി വെറും 11 ട്വന്റി20 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. എന്നാൽ യുപി ടി20 ലീഗിലെ 47 പന്തിൽ നേടിയ സെഞ്ചറിയും ടോപ് സ്കോറർ പട്ടവും മധ്യനിരയിൽ വെടിക്കെട്ടു തീർക്കുന്ന റിസ്‌വിക്ക് പൊന്നുംവില നൽകുകയായിരുന്നു.
സ്കൗട്ടിങ് എങ്ങനെ?
എല്ലാ ടീമുകൾക്കും മുൻ താരങ്ങളും വിദഗ്ധരും ഡേറ്റ അനലിസ്റ്റുകളും അടങ്ങുന്ന സ്കൗട്ടിങ് സംഘമുണ്ടാകും. 365 ദിവസവും നീളുന്ന പ്രവർത്തനമാണ് ഇവരുടേത്. പരമാവധി മത്സരങ്ങൾ നേരിട്ടു പോയി കാണും. അംപയർമാരിൽനിന്നും റഫറിമാരിൽനിന്നും കമന്റേറ്റർമാരിൽനിന്നുമെല്ലാം വിവരം ശേഖരിക്കും. ‘ഇവൻ വളർന്നു വലുതാകുമെന്ന്’ ഉൾക്കണ്ണിൽ കാണാൻ കഴിയുന്നതാണ് സ്കൗട്ടിങ് സംഘത്തിനു വേണ്ട പ്രധാന ഗുണം. സീസണിനു മുൻപ് തങ്ങൾ നോട്ടമിട്ട താരങ്ങളെ വച്ച് ക്യാംപ് നടത്തും.
കളിക്കാരുടെ പ്രതിഭ അളക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് അവിടെ നടക്കുക. ക്യാംപിൽ വ്യത്യസ്ത മത്സര സാഹചര്യങ്ങളിൽ കളിക്കാരുടെ പ്രകടനവും മാനസികബലവുമൊക്കെ വിലയിരുത്തും. അതിനുശേഷമാകും ലേലത്തിലേക്കെത്തുക.
ഗാംഗുലിയെ അമ്പരപ്പിച്ചു; കുഷാഗ്ര ടീമിലെത്തി
ഐപിഎൽ ഫ്രാഞ്ചൈസികൾ ഇപ്പോൾ ശ്രദ്ധിക്കുന്നത് സംസ്ഥാന ബോർഡുകൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗുകളും ട്രയൽസുകളുമാണ്. ജാർഖണ്ഡിൽനിന്നുള്ള കുമാർ കുഷാഗ്രയെ ഇത്തവണ ലേലത്തിൽ തുണച്ചത് ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ സൗരവ് ഗാംഗുലിയെ ഇംപ്രസ് ചെയ്യിക്കുന്നതിൽ വിജയിച്ചതാണ്. 2 മാസം മുൻപ് കൊൽക്കത്തയിൽ നടത്തിയ ട്രയൽസിലാണ് പത്തൊൻപതുകാരൻ വിക്കറ്റ് കീപ്പർ ബാറ്ററിൽ ദാദ ‘പൊടിക്ക്’ ധോണിയെ കണ്ടത്.
10 കോടി മുടക്കിയാലും കുഷാഗ്രയെ ഡൽഹിയിലെത്തിക്കുമെന്ന് അന്ന് താരത്തിന്റെ പിതാവിനോട് ഗാംഗുലി പറഞ്ഞിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 250+ റൺസ് സ്കോർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ ലോക റെക്കോർഡ് കുഷാഗ്രയുടെ പേരിലാണ്. 17 വയസ്സിൽ റെക്കോർഡ് നേടുമ്പോൾ മുൻ പാക്കിസ്ഥാൻ താരം ജാവേദ് മിയൻദാദിനെയാണ് പിന്നിലാക്കിയത്. 7.20 കോടി രൂപയാണ് കുഷാഗ്രയുടെ പ്രതിഫലം.