ഒന്നാം നമ്പർ ഓസ്ട്രേലിയയൊക്കെ നിസ്സാരം, വാങ്കഡെയിൽ ചരിത്രമെഴുതി ഇന്ത്യ; എട്ടു വിക്കറ്റ് വിജയം
Mail This Article
മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിനു വിജയിച്ചു. ഓസീസ് ഉയര്‍ത്തിയ 75 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. വനിതാ ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകൾ നാലാം ദിനം ഇന്ത്യ വീഴ്ത്തിയത് വെറും 28 റൺസ് മാത്രം വഴങ്ങിയാണ്. മറുപടി ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയെയും (നാല്) റിച്ച ഘോഷിനെയും (13) നേരത്തേ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന ഇന്ത്യയെ മുന്നിൽനിന്നു നയിക്കുകയായിരുന്നു. 88 പന്തിൽ 51 റൺസെടുത്ത താരം പുറത്താകാതെനിന്നു. ജെമീമ റോഡ്രിഗസ് 15 പന്തിൽ 12 റൺസെടുത്തു.
മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 5ന് 233 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. നാലാം ദിനം 261 റൺസിന് ഇന്ത്യ ഓസീസിനെ ചുരുട്ടിക്കെട്ടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി സ്നേഹ് റാണ നാലു വിക്കറ്റുകൾ വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ്, ഹർമൻപ്രീത് കൗർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി. രണ്ട് ഇന്നിങ്സുകളിലുമായി ഏഴു വിക്കറ്റുകൾ നേടിയ സ്നേഹ് റാണയാണു കളിയിലെ താരം.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 406 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 219, രണ്ടാം ഇന്നിങ്സ് 261. ഇന്ത്യ ഒന്നാം ഇന്നിങ്സ് 406, രണ്ടാം ഇന്നിങ്സ് 75/2