പാറ്റ് കമിൻസിന് 10 വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 79 റൺസ് ജയം, പരമ്പര
Mail This Article
മെൽബൺ ∙ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഉജ്ജ്വല ബോളിങ് മികവിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 79 റൺസിന്റെ തകർപ്പൻ ജയം. രണ്ട് ഇന്നിങ്സിലും 5 വീതം വിക്കറ്റുകൾ നേടിയ കമിൻസ് പാക്ക് ബാറ്റിങ് നിരയുടെ നടുവൊടിച്ചു. ഓസീസ് ഉയർത്തിയ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ 67.2 ഓവറിൽ 237ന് പുറത്തായി. സ്കോർ: ഓസ്ട്രേലിയ 318, 262; പാക്കിസ്ഥാൻ: 264, 237. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര, രണ്ടാം ജയത്തോടെ ഓസ്ട്രേലിയ സ്വന്തമാക്കി. അവസാന മത്സരം ജനുവരി 3ന് ആരംഭിക്കും.
നാലാംദിനം 6ന് 187 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 262ന് എല്ലാവരും പുറത്താവുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക് (9), പാറ്റ് കമിൻസ് (16), നഥാൻ ലയോൺ (11), അലക്സ് ക്യാരി (53) എന്നീ ഓസീസ് ബാറ്റർമാരാണ് നാലാംദിനം പുറത്തായത്. ഒരുഘട്ടത്തിൽ 4ന് 16 എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തും (50), മിച്ചൽ മാർഷും (96) ചേർന്ന് കരകയറ്റുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദിയും മിർ ഹംസയും 4 വീതം വിക്കറ്റു വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ അബ്ദുല്ല ഷഫീഖിനെ (4) നഷ്ടപ്പെട്ടെങ്കിലും പിന്നീട് പിടിച്ചുനിൽക്കാനുള്ള ശ്രമം നടത്തി. എന്നാൽ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല. 60 റൺസ് നേടിയ ക്യാപ്റ്റൻ ഷാൻ മസൂദാണ് അവരുടെ ടോപ് സ്കോറർ. സൽമാൻ അലി ആഖയും (50) അർധ സെഞ്ചറി കണ്ടെത്തി. ഇമാം ഉൽ ഹഖ് (12), ബാബർ അസം (41), സൗദ് ഷക്കീൽ (24), മുഹമ്മദ് റിസ്‌വാൻ (35) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവന. വാലറ്റത്ത് ആമിർ ജമാല്‍, ഷഹീൻ അഫ്രീദി, മിർ ഹംസ എന്നിവർ സംപൂജ്യരായി മടങ്ങിയതോടെ പാക്ക് ഇന്നിങ്സ് 237ൽ അവസാനിച്ചു. കമിൻസ് അഞ്ചും മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റും പിഴുതു.