ഒന്നാം ഏകദിനം: ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയൻ വനിതാ ടീമിന് 6 വിക്കറ്റ് ജയം
Mail This Article
മുംബൈ ∙ ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും വലിയ സ്കോർ നേടിയിട്ടും ഇന്ത്യൻ വനിതകൾക്കു നിരാശ. ഓസ്ട്രേലിയൻ വനിതാ ടീമിന് ഇന്ത്യയ്ക്കെതിരായ 3 മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 6 വിക്കറ്റ് വിജയം. ഇന്ത്യയുടെ തുടർച്ചയായ 6–ാം തോൽവിയാണിത്. സ്കോർ: ഇന്ത്യ – 50 ഓവറിൽ 8ന് 282, ഓസ്ട്രേലിയ – 46.3 ഓവറിൽ 4ന് 285.
ഓസീസ് ബാറ്റർമാരായ ഫോബി ലിച്ച്ഫീൽഡും (89 പന്തിൽ 78 റൺസ്) എലിസ് പെറിയും (72 പന്തിൽ 75) ചേർന്നു നേടിയ 148 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു വിജയം നിഷേധിച്ചത്. ടാലിയ മഗ്രോയും (68 നോട്ടൗട്ട്) അർധസെഞ്ചറി നേടി.
നേരത്തേ, ഇന്ത്യയുടെ മധ്യനിര ബാറ്റർമാരായ ജമൈമ റോഡ്രിഗസും (77 പന്തിൽ 82) പൂജ വസ്ട്രാക്കറും (46 പന്തിൽ 62) നേടിയ അർധസെഞ്ചറികളാണ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കു മികച്ച സ്കോർ നൽകിയത്. ഓപ്പണർ യാസ്തിക ഭാട്യ അർധസെഞ്ചറിക്ക് ഒരു റൺ അരികെ പുറത്തായി.