മുഹമ്മദ് ഷമിക്ക് പരുക്ക്; രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി, ശാർദുലിനെ മാറ്റിയേക്കും
Mail This Article
കേപ്ടൗൺ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജനുവരി 3ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സംഘത്തിൽ യുവ പേസർ ആവേശ് ഖാനെ ഉൾപ്പെടുത്തി. പരുക്കേറ്റ പേസർ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത മത്സരത്തിനു മുൻപ് താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാനായേക്കില്ല. ഈ സാഹചര്യത്തിലാണ് ആവേശ് ഖാനെ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്..
ജസ്പ്രീത് ബുമ്ര ഒഴികേയുള്ള പേസർമാരുടെ പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നിരാശയുണ്ടെന്നാണ് റിപ്പോർട്ട്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 400നു മുകളിൽ റൺസ് വഴങ്ങിയതിൽ രോഹിത് അസംതൃപ്തനാണ്. ഇക്കാര്യം മത്സരശേഷം താരം വ്യക്തമാക്കിയരുന്നു. 19 ഓവറിൽ 5.32 ഇക്കോണമിയിൽ 101 റൺസ് വഴങ്ങിയ ശാർദുൽ ഠാക്കൂറാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത്. ഈ സാഹചര്യത്തിൽ ശാർദുലിന് പകരം ആവേശ് ഖാന് അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
27കാരനായ ആവേശ് ഖാൻ സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 149 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ആറ് വിക്കറ്റും ആവേശ് നേടിയിരുന്നു.നിലവിൽ ഇന്ത്യ എ ടീമിന്റെ ഭാഗമായ താരം ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന മത്സരത്തില്‍ കളിച്ചുവരികയാണ്. മത്സരത്തിൽ 5 വിക്കറ്റും ആവേശ് നേടിയിട്ടുണ്ട്. അതേസമയം പരമ്പര നഷ്ടപ്പെടാതിരിക്കാൻ അടുത്ത ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.