‘ലോകകപ്പ് കളിക്കാൻ മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തു; അനുഭവിച്ചത് കടുത്ത വേദന’
Mail This Article
കൊൽക്കത്ത∙ ഏകദിന ലോകകപ്പിൽ കളിക്കുന്നതിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തിരുന്നതായി ബംഗാൾ ടീമിലെ ഷമിയുടെ സഹതാരം വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണു പേരു വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത ബംഗാൾ ക്രിക്കറ്റ് താരം ഷമിയുടെ ഫിറ്റ്നസിനെക്കുറിച്ചു പ്രതികരിച്ചത്.
‘‘ഷമിയുടെ ഇടതു കാലിലെ ഉപ്പൂറ്റിക്ക് സ്ഥിരമായി പ്രശ്നങ്ങളുണ്ട്. ലോകകപ്പിന്റെ സമയത്ത് മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തിരുന്നെന്നു ആളുകൾക്ക് അറിയില്ല. ലോകകപ്പ് മത്സരങ്ങളിലെല്ലാം കടുത്ത വേദന അനുഭവിച്ചാണ് ഷമി കളിച്ചത്.’’– ബംഗാൾ താരം വ്യക്തമാക്കി. ഏകദിന ലോകകപ്പിൽ 24 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റുവേട്ടക്കാരുടെ പട്ടികയിൽ മുഹമ്മദ് ഷമി ഒന്നാമതെത്തിയിരുന്നു.
ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ഷമി പ്ലേയിങ് ഇലവനിലുണ്ടായിരുന്നില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതോടെയാണു താരത്തിന് അവസരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ മുഹമ്മദ് ഷമി കളിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഷമിയുടെ പേരും ഉണ്ടായിരുന്നെങ്കിലും പരുക്കിനെ തുടർന്നു താരം പിൻവാങ്ങി.