അര്‍ധ സെഞ്ചറികളുമായി ഷഫാലിയും സ്മൃതി മന്ഥനയും; ഓസ്ട്രേലിയയെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതകൾ
Mail This Article
മുംബൈ ∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓസീസ് വനിതകളുയർത്തിയ 142 റൺസ് വിജയലക്ഷ്യം 14 പന്തുകൾ ബാക്കി നിൽക്കേ ഇന്ത്യ മറികടന്നു. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞ ടൈറ്റസ് സദ്ധുവിന്റെ ബോളിങ് മികവിനു മുന്നിൽ ഓസീസ് ബാറ്റിങ് നിര തകർന്നടിഞ്ഞു. 49 റൺസ് നേടിയ ഫോബി ലിച്ഫീൽഡാണ് ഓസീസിന്റെ ടോപ് സ്കോറർ. 4 ഓവറിൽ 17 റൺസ് വഴങ്ങി നാലു മുന്‍നിര വിക്കറ്റുകൾ പിഴുത സദ്ധുവാണ് കളിയിലെ താരം.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ വനിതകൾ തുടക്കം മുതൽ തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ സ്മൃതി മന്ഥനയും (54) ഷഫാലി വർമയും (64*) ചേർന്ന് 15.2 ഓവറിൽ 131 റൺസ് നേടി. സ്മൃതി മന്ഥന പുറത്തായതിനു പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസ് (6*) ഷഫാലിക്ക് പിന്തുണ നല്‍കി ഉറച്ചു നിന്നതോടെ ഇന്ത്യ 17.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. സ്കോർ: ഓസ്ട്രേലിയ – 19.2 ഓവറിൽ 141ന് പുറത്ത്, ഇന്ത്യ – 17.4 ഓവറിൽ 1ന് 145. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.