ADVERTISEMENT

സിഡ്നി ∙ വിമർശകരെക്കൊണ്ടുപോലും കയ്യടിപ്പിച്ച്, ഓസ്ട്രേലിയയെ സമ്പൂർണ വിജയത്തിലേക്കു നയിച്ച്, ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 8 വിക്കറ്റ് ജയത്തോടെ ഓസ്ട്രേലിയ പരമ്പര തൂത്തുവാരിയപ്പോൾ (3–0) അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി വാർണറും (57) തലയുയർത്തി മടങ്ങി. നാലാംദിനത്തിന്റെ ആദ്യ സെഷനിൽ പാക്കിസ്ഥാനെ 115 റൺസിൽ ഓൾഔട്ടാക്കിയ ആതിഥേയർ 130 റൺസ് വിജയലക്ഷ്യം 25.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പരമ്പരയിലെ സമ്പൂർണ ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ഓസീസ് ഒന്നാമതെത്തി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് പരമ്പരയിലെ താരം. 

സ്വന്തം നാട്ടിൽ, തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികളെയും കുടുംബാംഗങ്ങളെയും സാക്ഷിനിർത്തിയാണ് മുപ്പത്തേഴുകാരനായ ഡേവിഡ് വാർണർ, 112 മത്സരങ്ങൾ നീണ്ട തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. ടെസ്റ്റിൽ സമീപകാലത്തു മോശം ഫോമിലായിരുന്ന വാർണർക്ക് വിടവാങ്ങൽ ടെസ്റ്റിനായി ടീമിൽ അവസരം നൽകിയതിനെ മുൻകാല താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. എന്നാൽ പരമ്പരയിൽ സെഞ്ചറി നേടിയ ഏക ബാറ്ററും ഉയർന്ന സ്കോർ (164) നേടിയ താരവുമായി വാർണർ അതിനെല്ലാം മറുപടി നൽകി. ഏകദിന ക്രിക്കറ്റിൽ നിന്നു നേരത്തേ വിരമിച്ച വാർണർ രാജ്യാന്തര ട്വന്റി20യിൽ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

130 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോൾ എല്ലാ കണ്ണുകളും വാർണറിലേക്കായിരുന്നു. ആദ്യ ഓവറിൽ തന്നെ ഉസ്മാൻ ഖവാജയെ (0) പുറത്താക്കി പാക്കിസ്ഥാൻ ഞെട്ടിച്ചെങ്കിലും വാർണർ പതറിയില്ല. മാർനസ് ലബുഷെയ്നൊപ്പം (62 നോട്ടൗട്ട്) പിഴവുകളില്ലാത്ത ഇന്നിങ്സിലൂടെ ഓസീസിനെ വേഗത്തിൽ വിജയത്തിലേക്ക് അടുപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയത് 119 റൺസ്. ഒടുവിൽ ജയത്തിന് 11 റൺസ് മാത്രം അകലെ നിൽക്കെ സാജിദ് ഖാന്റെ പന്തിൽ വിക്കറ്റിനു മുൻപിൽ കുരുങ്ങി ഡേവിഡ് വാർണർ മടങ്ങി. താരത്തോടുള്ള ആദര സൂചകമായി മത്സരശേഷമുള്ള വിടവാങ്ങൽ ചടങ്ങ് നേരിട്ടുകാണാൻ സിഡ്നി സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് കാണികൾക്കു പ്രവേശനം അനുവദിച്ചിരുന്നു.

English Summary:

David Warner Bows Out in Grandeur as Australia Sweep Series Against Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com