ഓസീസ് പ്രതികാരം: രണ്ടാം വനിതാ ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 6 വിക്കറ്റ് ജയം
Mail This Article
നവിമുംബൈ ∙ ആദ്യ ട്വന്റി20യിലെ തോൽവിക്കു മധുരമായി മറുപടി നൽകി ഓസ്ട്രേലിയ. ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം വനിതാ ട്വന്റി20 മത്സരത്തിൽ ഓസീസിന് 6 വിക്കറ്റ് വിജയം.സ്കോർ: ഇന്ത്യ – 20 ഓവറിൽ 8ന് 130, ഓസ്ട്രേലിയ 19 ഓവറിൽ 4ന് 133.
21 പന്തിൽ 3 ഫോറും 2 സിക്സറും ഉൾപ്പെടെ 34 റൺസ് നേടിയ എല്ലിസ് പെറിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഷെഫാലി വർമയുടെയും ജമൈമ റോഡ്രിഗസിന്റെയും വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ കിം ഗാർത്താണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 മത്സര പരമ്പര ഇതോടെ 1–1 എന്ന നിലയിലായി. അവസാന മത്സരം നാളെ വൈകിട്ട് ഏഴിന് ഇതേ വേദിയിൽ.
131 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓസീസിന് ഓപ്പണർമാരായ അലീസ ഹീലിയും (21 പന്തിൽ 26) ബേത്ത് മൂണിയും (29 പന്തിൽ 20) മികച്ച തുടക്കം നൽകി.
ടഹ്‌ലിയ മഗ്രോയും (21 പന്തിൽ 19) മികച്ച സംഭാവന നൽകിയതോടെ റൺചേസ് സമ്മർദരഹിതമായി. നേരത്തേ, ഓപ്പണർ ഷെഫാലി വർമയെ (ഒരു റൺ) തുടക്കത്തിൽ തന്നെ നഷ്ടമായതാണ് ഇന്ത്യൻ ഇന്നിങ്സ് പതറാൻ കാരണം.