തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ വിവാദം; ആരാധകന്റെ കരണത്തടിച്ച് ഷാക്കിബ് അൽ ഹസൻ - വൈറൽ വിഡിയോ
Mail This Article
ധാക്ക ∙ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയെന്ന വാർത്തയ്ക്കു പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ടീം നായകൻ ഷാക്കിബ് അൽ ഹസൻ. ആൾക്കൂട്ടത്തിനിടയിൽപ്പെട്ട ഷാക്കിബ്, തന്റെ തൊട്ടരികിൽ എത്തിയ ആരാധകന്റെ കരണത്തടിക്കുന്ന വിഡിയോ വൈറലായതോടെയാണ് വിവാദം ഉയർന്നത്. അടുത്തിടെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് വിമർശനം നേരിട്ടതിനു പിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.
സംഭവം നടന്നത് എവിടെ വച്ചാണെന്ന് കൃത്യമായി വ്യക്തമല്ലെങ്കിലും തിരഞ്ഞെടുപ്പു ഫലം വരുന്നതിന് ഒരാഴ്ച മുൻപാണെന്ന് വിവരമുണ്ട്. പോളിങ് സ്റ്റേഷനിൽ വോട്ടു ചെയ്യാൻ എത്തിയ ഷാക്കിബിനു ചുറ്റും ആരാധകർ കൂടുകയായിരുന്നു. പിറകിൽനിന്നും പിടിച്ചുവലിച്ചയാളെ താരം അടിക്കുകയായിരുന്നു എന്നും സൂചനയുണ്ട്. സംഭവത്തിൽ ഇതുവരെ ഷാക്കിബ് പ്രതികരിച്ചിട്ടില്ല.
അതേസമയം ബംഗ്ലദേശിലെ പടിഞ്ഞാറൻ നഗരമായ മഗുരയിലെ നിയോജക മണ്ഡലത്തിൽനിന്ന് 1,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാക്കിബ് ജയിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായാണ് താരം മത്സരിച്ചത്. ക്രിക്കറ്റിൽനിന്ന് താൽക്കാലിക അവധിയെടുത്താണ് ഷാക്കിബ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷത്തെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഷെയ്ഖ് ഹസീന അഞ്ചാം തവണയും പ്രധാനമന്ത്രിയാകും.