മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾ തോറ്റു; ഏഴു വിക്കറ്റ് വിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസീസ്
Mail This Article
നവി മുംബൈ ∙ ഇന്ത്യൻ വനിതാ ടീമിനെതിരായ 3–ാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റ് ജയവുമായി 3 മത്സര പരമ്പര ഓസ്ട്രേലിയ 2–1ന് സ്വന്തമാക്കി. ഓപ്പണർമാരായ അലിസ ഹീലി (38 പന്തിൽ 55), ബെത് മൂണി (45 പന്തിൽ 52 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചറികളുടെ ബലത്തിലാണ് ഓസ്ട്രേലിയ അനായാസ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 8 വിക്കറ്റ് തോൽവി വഴങ്ങിയ ശേഷമാണ് പരമ്പരയിൽ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. സ്കോർ: ഇന്ത്യ: 20 ഓവറിൽ 6ന് 147. ഓസ്ട്രേലിയ: 18.4 ഓവറിൽ 3ന് 149. നേരത്തെ ഏകദിന പരമ്പര ഓസ്ട്രേലിയ 3–0ന് ജയിച്ചിരുന്നു.
തുടക്കം കിടുക്കി
ജയിക്കാൻ 147 റൺസ് മതിയായിരുന്നിട്ടും തുടക്കംമുതൽ ആക്രമിച്ചു കളിക്കാനാണ് ഓസ്ട്രേലിയൻ ഓപ്പണർമാരായ ഹീലിയും മൂണിയും ശ്രമിച്ചത്. പത്താം ഓവറിലെ അവസാന പന്തിൽ ഹീലി പുറത്താകുമ്പോൾ ഓസീസ് സ്കോർ 85ൽ എത്തിയിരുന്നു. പിന്നാലെയെത്തിയ ടാഹില മഗ്രൊ (20), എലിസ് പെറി (0) എന്നിവർ പെട്ടെന്നു മടങ്ങിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായെങ്കിലും നാലാം വിക്കറ്റിൽ ഫീബി ലിച്ച്ഫീൽഡിനെ (13 പന്തിൽ 17 നോട്ടൗട്ട്) കൂട്ടുപിടിച്ച് മൂണി ഓസീസിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ സ്മൃതി മന്ഥനയും (29) ഷെഫാലി വർമയും (26) ചേർന്നു നൽകിയത്. എന്നാൽ ഇരുവരും പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. ജമൈമ റോഡ്രിഗസും (2) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (3) പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യൻ ടോട്ടൽ 100 കടക്കില്ലെന്നു തോന്നിച്ചെങ്കിലും മധ്യഓവറുകളിൽ ആഞ്ഞടിച്ച റിച്ച ഘോഷ് (28 പന്തിൽ 34) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു.