ബാറ്റിങ്ങിനെത്തിയ സ്റ്റീവ് സ്മിത്തിനെ ‘ചൊറിഞ്ഞ്’ ഡേവിഡ് വാർണർ, ആദ്യ പന്തിൽ താരം പുറത്ത്- വിഡിയോ
Mail This Article
സിഡ്നി∙ ബിഗ് ബാഷ് ക്രിക്കറ്റിനിടെ സ്റ്റീവ് സ്മിത്തിനെ സ്ലെഡ്ജ് ചെയ്ത് ഡേവിഡ് വാർണർ. സിഡ്നി സിക്സേഴ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഓസ്ട്രേലിയൻ ദേശീയ ടീമിലെ സഹതാരത്തെ വാർണർ പ്രകോപിപ്പിക്കാൻ നോക്കിയത്. മത്സരത്തിൽ ആഗ്യം ബാറ്റു ചെയ്ത സിഡ്നി സിക്സേഴ്സിന്റെ ഓപ്പണറായിരുന്നു സ്റ്റീവ് സ്മിത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിക്സേഴ്സ് ഓപ്പണറെ ക്രീസിലെത്തി മാർക്കു ചെയ്യുന്നതിനിടെ ഡേവിഡ് വാർണര്‍ സ്ലെഡ്ജ് ചെയ്യുകയായിരുന്നു.
‘‘ഒന്നും അയാളുടെ ശ്രദ്ധ തെറ്റിക്കുന്നില്ല. ഒന്നിനും അതിനു സാധിക്കില്ല. അദ്ദേഹത്തിന്റെ കാലിൽ ഒരു മാർക്ക് ലഭിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം അസ്വസ്ഥനാണ്.’’– എന്നായിരുന്നു വാർണറുടെ വാക്കുകൾ. ഇതു കേട്ട് കമന്റേറ്റർമാരും ചിരിക്കുന്നുണ്ട്. വാർണറുടെ കളിയാക്കലിനോടു പ്രതികരിക്കാതിരുന്ന സ്മിത്ത് ആദ്യ പന്തിൽ തന്നെ പുറത്തായത് കമന്റേറ്റർമാരെ ഞെട്ടിച്ചു. ഡാനിയൽ സാംസ് എറിഞ്ഞ പന്തിൽ നേഥൻ മക്ആൻഡ്രു ക്യാച്ചെടുത്താണു സ്മിത്ത് പുറത്തായത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ ടീമിനായിരുന്നു വിജയം. ആദ്യം ബാറ്റു ചെയ്ത സിഡ്നി സിക്സേഴ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ തണ്ടേഴ്സ് 19.5 ഓവറിൽ 132 റൺസെടുത്തു പുറത്തായി. സിക്സേഴ്സിനു 19 റൺസിന്റെ വിജയം. 39 പന്തുകൾ നേരിട്ട തണ്ടേഴ്സ് ഓപ്പണർ വാർണർ 37 റൺസെടുത്തു.
ബിഗ് ബാഷ് മത്സരം നടന്ന സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽവച്ചാണ് ഒരാഴ്ച മുൻപ് വാര്‍ണര്‍ ടെസ്റ്റ് കരിയറിലെ അവസാന മത്സരം കളിച്ചത്. ഏകദിന ഫോർമാറ്റിലും കരിയർ അവസാനിപ്പിച്ചെന്ന് വാർണർ സിഡ്നിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ബിഗ് ബാഷ് മത്സരത്തിനായി വാർണർ യാത്ര ചെയ്ത ഹെലികോപ്റ്റർ സിഡ്നി സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ലാൻഡ് ചെയ്തതും വൻ വാർത്തയായിരുന്നു.