ഗുജറാത്ത് ടൈറ്റൻസിൽ ജോലിക്കു വേണ്ടി ആശിഷ് നെഹ്‍റയെ സമീപിച്ചു, അദ്ദേഹം തള്ളിക്കളഞ്ഞു: യുവരാജ് സിങ്
Mail This Article
മുംബൈ∙ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ജോലിക്കു വേണ്ടി ടീം കോച്ച് ആശിഷ് നെഹ്‍റയെ സമീപിച്ചിരുന്നെന്നും എന്നാൽ നെഹ്റ ഇതു സ്വീകരിച്ചില്ലെന്നും മുന്‍ ഇന്ത്യൻ താരം യുവരാജ് സിങ്. ഐപിഎല്ലിൽ ഒരു ടീമിന്റെ മെന്ററായി പ്രവര്‍ത്തിക്കാമെന്നു തോന്നിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെ സമീപിച്ചിരുന്നതായും യുവരാജ് സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘എന്ത് അവസരമാണ് എനിക്കു ലഭിക്കുന്നതെന്നു നോക്കാം. പക്ഷേ ഇപ്പോൾ എന്റെ മക്കളുടെ കാര്യത്തിനാണു മുൻഗണന. അവർ സ്കൂളിൽ പോയി തുടങ്ങിയാൽ എനിക്കു കൂടുതൽ സമയം ലഭിക്കും. അപ്പോള്‍ എനിക്കു പരിശീലകനായി പ്രവർത്തിക്കാം.’’– യുവരാജ് സിങ് വ്യക്തമാക്കി.‘‘യുവതാരങ്ങളുടെ കൂടെ പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും എന്റെ സംസ്ഥാനത്തെ താരങ്ങളോടൊപ്പം. മെന്ററിങ് എനിക്കു ചെയ്യാൻ താൽപര്യമുള്ള കാര്യമാണ്. ഐപിഎൽ ടീമുകളുടെ കൂടെ പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ആശിഷ് നെഹ്റയോടു ഞാൻ ജോലിയുടെ കാര്യം സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹം അതു തള്ളിക്കളയുകയാണു ചെയ്തത്.’’– യുവി പറഞ്ഞു.
വരും വർഷങ്ങളിൽ ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും യുവരാജ് സിങ് വ്യക്തമാക്കി. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകൾക്കു വേണ്ടി യുവരാജ് സിങ് കളിച്ചിട്ടുണ്ട്. 132 മത്സരങ്ങളിൽനിന്ന് 2750 റണ്‍സ് ക്ലബ് ക്രിക്കറ്റിൽനിന്നു നേടി. 83 റൺസാണു ടോപ് സ്കോറർ.