ഗ്രൗണ്ടിലേക്കു ചാടിയിറങ്ങി വിരാട് കോലിയുടെ കാലിൽ വീണ് ആരാധകൻ, കെട്ടിപ്പിടിച്ച് സൂപ്പർ താരം- വിഡിയോ
Mail This Article
ഇൻഡോർ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയോടുള്ള ആരാധന മൂത്ത് ഗ്രൗണ്ടിലേക്കു കടന്നുകയറി, താരത്തെ കെട്ടിപ്പിടിച്ച് യുവാവ്. ഇൻഡോറിൽ ഇന്ത്യ– അഫ്ഗാനിസ്ഥാൻ രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സകല നിയന്ത്രണങ്ങളും മറികടന്ന് ആരാധകൻ ഗ്രൗണ്ടിൽ കയറിയത്. വിരാട് കോലിയുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങിയ യുവാവ് പിന്നീട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇരച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ യുവാവിനെ പൊക്കിയെടുത്താണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്.
പ്രശ്നമൊന്നുമില്ലെന്നു കോലി പറയുന്നതും വിഡിയോയിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. യുവാവിനെ പിന്നീട് തുകോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവാവിന്റെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗാലറിയിലെ ഇരുമ്പു മതിൽ ചാടിക്കടന്നാണ് യുവാവ് ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ വീഴ്ച സംഭവിച്ചതിനാല്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
14 മാസത്തിനു ശേഷമാണു കോലി രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. 2022 ൽ ട്വന്റി20 ലോകകപ്പിലായിരുന്നു താരം അവസാനമായി കളിച്ചത്. എന്തായാലും ട്വന്റി20യിലെ മടങ്ങിവരവ് കോലി മോശമാക്കിയില്ല. 16 പന്തുകൾ നേരിട്ട കോലി 29 റൺസെടുത്തു പുറത്തായി. രോഹിത് ശർമ അതിവേഗം പുറത്തായതോടെ യശസ്വി ജയ്സ്വാളിനൊപ്പം ചേർന്ന് 57 റൺസ് കൂട്ടിച്ചേർക്കാനും വിരാട് കോലിക്കു സാധിച്ചു.
മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യത്തിനു പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 172 റൺസാണ് നേടിയത്. 35 പന്തുകളിൽനിന്ന് 57 റൺസെടുത്ത ഗുൽബദിന്‍ നായിബാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ ലക്ഷ്യത്തിലെത്തി. ആറു വിക്കറ്റ് വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. 26 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം.