ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഒരോവറിൽ തുടർച്ചയായി മൂന്നു നോബോളുകൾ, ശുഐബ് മാലിക്കിന് പരിഹാസം
Mail This Article
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നു നോബോളുകൾ എറിഞ്ഞ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിനെതിരെ ആരാധകരുടെ പരിഹാസം. ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഹതാരങ്ങളെ ഞെട്ടിച്ചുകൊണ്ട് ശുഐബ് മാലിക്ക് ഒരോവറിൽ തുടർച്ചയായി മൂന്നു നോബോളുകൾ എറിഞ്ഞത്. ഈ ഓവറിൽ താരം 18 റൺസ് വഴങ്ങുകയും ചെയ്തു.
ഫോർച്യൂൺ ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ പവർപ്ലേയിൽ തന്നെ മാലിക്കിനെ പന്തെറിയാന്‍ ഇറക്കുകയായിരുന്നു. 188 റൺസെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഖുൽന ടൈഗേഴ്സ് ആദ്യ നാല് ഓവറുകളിൽ 50 റൺസ് കടക്കുകയും ചെയ്തു. മത്സരത്തിൽ 18 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഖുല്‍ന ടൈഗേഴ്സ് വിജയത്തിലെത്തി. ഒരോവര്‍ മാത്രമാണ് മാലിക്ക് മത്സരത്തിൽ പന്തെറിഞ്ഞത്.
ഖുൽനയ്ക്കു വേണ്ടി ക്യാപ്റ്റൻ അനാമുൽ ഹഖ് (44 പന്തിൽ 63), എവിൻ ലൂയിസ് (22 പന്തിൽ 53) എന്നിവർ അർധ സെഞ്ചറി നേടി. ആദ്യം ബാറ്റു ചെയ്ത ഫോർച്യൂണ്‍ ടീമിനു വേണ്ടി ആറു പന്തുകളിൽ അഞ്ചു റൺസ് മാത്രമാണു മാലിക്ക് നേടിയത്. പാക്ക് ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മാലിക്ക്, കഴിഞ്ഞ ദിവസം ട്വന്റി20 ക്രിക്കറ്റിൽ 13,000 റൺസെന്ന നേട്ടത്തിലെത്തിയിരുന്നു. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ രംഗ്പൂർ റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു താരം 13,000 റൺസ് തികച്ചത്.