നിശാപാർട്ടിക്കിടെ മദ്യപിച്ചു, ശാരീരിക അസ്വസ്ഥത; മാക്സ്വെല്ലിനെതിരെ അന്വേഷണം
Mail This Article
മെൽബൺ ∙ നിശാപാർട്ടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‍വെലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അന്വേഷണം പ്രഖ്യാപിച്ചു. മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ ഉൾപ്പെട്ട ‘സിക്സ് ആൻഡ് ഔട്ട്’ ബാന്റിന്റെ സംഗീതനിശയ്ക്കിടെയാണ് സംഭവം.
പാർട്ടിക്കിടെ മാക്സ്‍വെൽ നന്നായി മദ്യപിച്ചിരുന്നെന്നും തുടർന്നാണ് അസ്വസ്ഥത അനുഭപ്പെട്ടതെന്നുമാണ് വിവരം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ മാക്സ്‌വെൽ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നു. എന്നാൽ കളിക്കാർ പാലിക്കേണ്ട അച്ചടക്കം മാക്സ്‍വെൽ ലംഘിച്ചതായി പരാതി ഉയർന്നതോടെയാണ് സിഎ അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ മാക്സ്‍വെല്ലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന മാക്‌സ്‌വെല്ലിനെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമില്‍ ഉൾപ്പെടുത്തിയിരുന്നില്ല. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫെബ്രുവരി ഒൻപതിനാണു ട്വന്റി20 പരമ്പര.