'ഇന്ത്യ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു': ശുഐബ് ബഷീറിന്റെ വീസാ പ്രശ്നത്തിൽ യുകെ പ്രധാനമന്ത്രിയുടെ ഓഫിസ്
Mail This Article
ലണ്ടൻ ∙ പാക്ക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ശുഐബ് ബഷീറിന് ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നേരിടേണ്ടിവന്ന വീസാ പ്രശ്നത്തിൽ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫിസ്. വീസാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ നീതിപൂർവം പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. പാക്ക് വംശജരായ ബ്രിട്ടീഷ് പൗരന്മാർക്ക്, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറിൽനിന്ന് വീസ ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നതായി മുൻപും സർക്കാരിനെ അറിയിച്ചിരുന്നതായി അവർ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ ആഭ്യന്തര ട്വന്റി20 ലീഗിലാണ് ഇരുപതുകാരനായ സ്പിന്നർ ശുഐബ് ബഷീർ പ്രഫഷനൽ ക്രിക്കറ്റിൽ അരങ്ങേറിയത്. പിന്നാലെ സോമർസെറ്റിനുവേണ്ടി ഫസ്റ്റ് ക്ലാസിലും അരങ്ങേറി. ഇതുവരെ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഏഴ് ലിസ്റ്റ്–എ മത്സരങ്ങളിലുമാണ് ബഷീർ കളിച്ചിട്ടുള്ളത്. അടുത്തിടെ യുഎഇയിൽവച്ച് നടന്ന ഇംഗ്ലണ്ടിന്റെ പരിശീലന ക്യാംപിനിടെയാണ് താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർ തീരുമാനിച്ചത്.
യുഎയിൽനിന്ന് ഇന്ത്യയിലേക്ക് ഇംഗ്ലണ്ട് ടീം നേരത്തേ എത്തിയെങ്കിലും, വീസ ലഭിക്കാതിരുന്ന സാഹചര്യത്തിൽ ബഷീറിന് തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. സംഭവം വളരെ മോശമായിപ്പോയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. വീസാ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി ബഷീറിന് ഇന്ത്യയിലേക്ക് എത്താനാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രതീക്ഷ പങ്കുവച്ചു. വ്യാഴാഴ്ച ഹൈദരാബാദിലാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.