അവിശ്വസനീയം, ഗാബ ത്രില്ലറിൽ ഓസീസിനെ അട്ടിമറിച്ച് വിൻഡീസ്; 7 വിക്കറ്റ് വീഴ്ത്തി ഷമാർ
Mail This Article
ബ്രിസ്ബെയ്ൻ∙ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് വെസ്റ്റിൻഡീസിന്റെ കുതിപ്പ്. ഗാബ ടെസ്റ്റിൽ എട്ട് റൺസിനാണ് വെസ്റ്റിൻഡീസ് വിജയത്തിലെത്തിയത്. പരുക്കേറ്റ പേസർ ഷമാർ ജോസഫ് അവിശ്വസനീയ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബാറ്റിങ്ങിനിടെ മിച്ചല്‍ സ്റ്റാർക്കിന്റെ യോർക്കര്‍ പന്തിൽ ഷമാറിനു പരുക്കേറ്റിരുന്നു. ബാറ്റിങ് പൂർത്തിയാക്കാനാകാതെ മടങ്ങിയ താരം, ഞായറാഴ്ച നടത്തിയ ഗംഭീര തിരിച്ചുവരവിൽ ഓസ്ട്രേലിയ മുട്ടുമടക്കി.
216 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസ് 207 റൺസിനു പുറത്താകുകയായിരുന്നു. 68 റൺസ് വഴങ്ങിയ ഷമാർ ജോസഫ് വീഴ്ത്തിയത് ഏഴു വിക്കറ്റുകൾ. കളിയിലെ താരവും ടൂർണമെന്റിലെ താരവും ഷമാർ ജോസഫാണ്. ആദ്യ ഇന്നിങ്സിൽ വിൻഡീസ് 311 റൺസെടുത്തിരുന്നു. മറുപടിയിൽ ഓസ്ട്രേലിയ 289 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സിൽ വൻ തിരിച്ചടി നേരിട്ട വെസ്റ്റിൻഡീസ് 193 റൺസിനാണു പുറത്തായത്.
ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്സിൽ ഷമാർ ജോസഫിനു മുന്നിൽ വീണുപോകുകയായിരുന്നു. 146 പന്തിൽ 91 റൺസുമായി ഓപ്പണർ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു. പക്ഷേ താരത്തിനു മികച്ച പിന്തുണ നല്‍കാൻ ആരുമുണ്ടായിരുന്നില്ല. സ്മിത്തിനു പുറമേ ഉസ്മാൻ ഖവാജ (17 പന്തിൽ 10), കാമറൂൺ ഗ്രീൻ (73 പന്തിൽ 42), മിച്ചല്‍ മാർഷ് (12 പന്തിൽ 10), മിച്ചൽ സ്റ്റാർക്ക് (14 പന്തിൽ 21) എന്നിവരും രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടന്നു.
1997നു ശേഷം വെസ്റ്റിൻഡീസ് ആദ്യമായാണ് ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. മത്സരത്തിന്റെ നാലാം ദിനം രണ്ടിന് 60 എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടങ്ങിയത്. ഓപ്പണിങ് ബോളർമാരായ കെമാർ റോച്, അൽസരി ജോസഫ് എന്നിവർ ലക്ഷ്യം കാണുന്നില്ലെന്നു മനസ്സിലായതോടെ വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്ത് ഷമാര്‍ ജോസഫിനെ പന്തേൽപിക്കുകയായിരുന്നു. ഗ്രീനിനെയും ട്രാവിസ് ഹെഡിനെയും തുടർച്ചയായ പന്തുകളില്‍ ജോസഫ് ബോൾഡാക്കുകയായിരുന്നു.
മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, അലക്സ് കാരി, പാറ്റ് കമിൻസ് എന്നിവരെ ആദ്യ സെഷനിൽ തന്നെ മടക്കി. ജോഷ് ഹെയ്സൽവുഡിനെ പൂജ്യത്തിനു പുറത്താക്കി വെസ്റ്റിൻഡീസിന് അവിശ്വസനീയ വിജയം സമ്മാനിച്ച ഷമാർ ജോസഫ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ബൗണ്ടറി ലൈൻ വരെ ഓടിയാണു ആഘോഷിച്ചത്. വിൻഡീസ് താരങ്ങൾ ഷമാർ ജോസഫിനു പിന്നാലെ ബൗണ്ടറി ലൈൻ വരെ ഓടിയെത്തി. ജയത്തോടെ രണ്ടു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ (1–1) അവസാനിച്ചു.